തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റ് ഗുലാം നബി ആസാദിന് നല്‍കണമെന്ന് സ്റ്റാലിന്‍; മുഖം തിരിച്ച് കോണ്‍ഗ്രസ്
national news
തമിഴ്‌നാട്ടിലെ രാജ്യസഭാ സീറ്റ് ഗുലാം നബി ആസാദിന് നല്‍കണമെന്ന് സ്റ്റാലിന്‍; മുഖം തിരിച്ച് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th June 2021, 7:54 am

ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് അനുവദിച്ച രാജ്യസഭാ സീറ്റ് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ ഗുലാംനബി ആസാദിന് നല്‍കണമെന്ന് ഡി.എം.കെ. എന്നാല്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയ ഗുലാം നബി ആസാദിന് സീറ്റ് നല്‍കുന്നത് കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിന്റെ ഡാറ്റ അനലറ്റിക്‌സ് വിഭാഗം ചെയര്‍മാനായ പ്രവീണ്‍ ചക്രവര്‍ത്തിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം. തമിഴ്‌നാട്ടിലെ സഖ്യധാരണ പ്രകാരമാണ് കോണ്‍ഗ്രസിന് ഡി.എം.കെ. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് അനുവദിച്ചത്.

ഈ സീറ്റ് ഗുലാം നബി ആസാദിന് നല്‍കണമെന്നാണ് സ്റ്റാലിന്റെ പക്ഷം. പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയുന്ന ഗുലാംനബി രാജ്യസഭയില്‍ ഉണ്ടാകണമെന്ന താല്‍പര്യമാണ് സ്റ്റാലിന്‍ പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞദിവസം ദല്‍ഹിയിലെത്തി സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കണ്ട സ്റ്റാലിന്‍, ഈ വിഷയവും ചര്‍ച്ച ചെയ്തുവെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കിയ ഗുലാംനബിക്ക് വീണ്ടും അവസരം നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായിരുന്നില്ല.

നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ചിരുന്ന ജി-23 എന്നറിയപ്പെടുന്ന വിമതനേതാക്കളില്‍ ഒരാളായിരുന്നു ആസാദ്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ പ്രധാന പദവികളില്‍ നിന്ന് തഴയുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തിരുന്നത്.

28 വര്‍ഷം രാജ്യസഭയിലും 10 വര്‍ഷം ലോക്‌സഭയിലും ഗുലാംനബി അംഗമായിരുന്നു.

എ.ഐ.എ.ഡി.എം.കെയിലെ മുഹമ്മദ് ജാന്റെ നിര്യാണത്തോടെ ഒഴിവു വന്നതാണ് തമിഴ്‌നാട്ടിലെ ഒരു സീറ്റ്. കെ.പി. മുനുസാമി, ആര്‍. വൈദ്യലിംഗം എന്നിവര്‍ എം.എല്‍.എമാരായതോടെ എം.പി. സ്ഥാനം രാജിവെച്ചിട്ടുമുണ്ട്. 13 രാജ്യസഭ ഒഴിവുകളാണ് നികത്താനുള്ളത്.

കൊവിഡ് സാഹചര്യങ്ങള്‍ക്കിടയില്‍ കേരളത്തിലെ ഒരു സീറ്റ് അടക്കം എല്ലായിടത്തെയും വേട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമീഷന്‍ അനിശ്ചിതമായി നീട്ടിയിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ghulam Nabi Azad MK Stalin DMK Congress Tamilnadu