| Friday, 6th January 2023, 1:11 pm

'കോണ്‍ഗ്രസ് വിട്ടത് ജീവിതത്തിലെ വലിയ മണ്ടത്തരം'; ഗുലാം നബി ആസാദിനൊപ്പം പാര്‍ട്ടിവിട്ട 17 പേര്‍ തിരിച്ചെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച 17 പേര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തി.

ദല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി, മുന്‍ പി.സി.സി അധ്യക്ഷന്‍, മുന്‍ എം.എല്‍.എമാരടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു.

‘തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പ്,’ മുന്‍ പി.സി.സി അധ്യക്ഷന്‍ പീര്‍ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു.

ഭാരത് ജോഡോ യാത്ര പുത്തന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വിട്ടവര്‍ തറവാട്ടിലേക്ക് തിരികെ വരുകയാണ്, സന്തോഷത്തിന്റെ നിമിഷങ്ങളണിതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്ര കൂടുതല്‍ ആളുകളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുന്നുണ്ട്. പോയവര്‍ ഇനിയും തിരികെ വരും, സമാന മനസ്‌കരായ പാര്‍ട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

താരാ ചന്ദിനെയും പീര്‍ സാദാ മുഹമ്മദ് സയ്യിദിനെയും കൂടാതെ മുഹമ്മദ് മുജാഫീര്‍ പരേ, മൊഹീന്ദര്‍ ഭരദ്വാജ്, ഭൂഷണ്‍ ദോഗ്ര, വിനോദ് ശര്‍മ, നരീന്ദര്‍ ശര്‍മ, നരീഷ് ശര്‍മ, അംബീഷ് മഗോത്ര, സുബാഷ് ഭഗത്, മഹേഷ് മന്‍ഹാസ്, ബദ്രിനാഥ് ശര്‍മ, വരുണ്‍ മഗോത്ര, അനുരാധ ശര്‍മ, വിജയ് തര്‍ഗോത്ര, ചന്ദര്‍ പ്രഭ ശര്‍മ എന്നിവരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

അതേസമയം, സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയവരാണ് ഇവരെന്ന് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചു.

നേരത്തെ, കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാര്‍ത്ത ഗുലാം നബി ആസാദ് തള്ളിയിരുന്നു. വാര്‍ത്ത തന്നെ ഞെട്ടിച്ചെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പടച്ചുവിടുന്ന കഥകളാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നാല് മാസം മുമ്പാണ് കോണ്‍ഗ്രസ് നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കെണ്ടാണ് മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. പിന്നീട് ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ച് പുതിയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി രൂപവത്കരിക്കുകയായിരുന്നു.

Content Highlight: Ghulam Nabi Azad loyalists rejoin Congress party

We use cookies to give you the best possible experience. Learn more