'നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന 'പുതിയ ഇന്ത്യ' നിങ്ങള്‍ത്തന്നെ വച്ചുകൊള്ളുക, ആ പഴയ ഇന്ത്യയെ ഞങ്ങള്‍ക്ക് തിരികെ നല്‍കുക': ഗുലാം നബി ആസാദ്
national news
'നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന 'പുതിയ ഇന്ത്യ' നിങ്ങള്‍ത്തന്നെ വച്ചുകൊള്ളുക, ആ പഴയ ഇന്ത്യയെ ഞങ്ങള്‍ക്ക് തിരികെ നല്‍കുക': ഗുലാം നബി ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2019, 6:14 pm

ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് ആള്‍കൂട്ട കൊലപാതകങ്ങളുടെയും ആക്രമണങ്ങളുടെയും ഫാക്ടറിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയില്‍. രാജ്യത്ത് എല്ലാ ആഴ്ചയും മുസ്‌ലീംങ്ങളും ദലിതുകളും കൊല്ലപ്പെടുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകം രാജ്യസഭയില്‍ ഉന്നയിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഭരണകക്ഷിയായ ബി.ജെ.പിയോട് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ‘പുതിയ ഇന്ത്യ’ കൈയ്യില്‍ വച്ച് സമാധാനവും സാംസ്‌കാരിക വൈവിധ്യവുമുള്ള ആ പഴയ ഇന്ത്യയെ ജനങ്ങള്‍ക്ക് തിരികെ നല്‍കാനും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലികളില്‍ ഉയര്‍ത്തിയ പ്രസാതാവനയായിരുന്നു പുതിയ ഇന്ത്യ നിര്‍മ്മിക്കും എന്നത്.

‘പഴയ ഇന്ത്യയില്‍ വെറുപ്പോ കോപമോ ആള്‍ക്കൂട്ട കൊലപാതകങ്ങളോ ഉണ്ടായിരുന്നില്ല. പുതിയ ഇന്ത്യയില്‍ ജനങ്ങള്‍ പരസ്പരം ശത്രുക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് കാട്ടിലെ വന്യമൃഗങ്ങളെയല്ല പേടിക്കാനുള്ളത്, മറിച്ച് രാജ്യത്തെ മനുഷ്യരെയാണ്. ഹിന്ദുവും മുസ്ലീമും സിഖുകാരും ക്രിസ്ത്യാനികളും ഒന്നിച്ച് ജീവിച്ചിരുന്ന ആ പഴയ ഇന്ത്യയെ ഞങ്ങള്‍ക്ക് തിരികെ തരൂ’, ആസാദ് രാജ്യസഭയില്‍ പറഞ്ഞു.

വര്‍ഗീയ കലാപങ്ങള്‍ രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയോട് നിങ്ങള്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയെ കൈയ്യില്‍ വച്ചോളൂ എന്ന പ്രസ്താവന ഉയര്‍ത്തിയത്. പഴയ ഇന്ത്യയില്‍ മുസ് ലീങ്ങളും ദളിതരും അക്രമിക്കപ്പെടുമ്പോള്‍ വേദനിക്കുന്നത് ഹിന്ദുക്കള്‍ക്കുകൂടിയായിരുന്നു. അവര്‍ പരസ്പരം വേദനകളില്‍ കണ്ണീരൊഴുക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നടപ്പിലാക്കുന്ന അധാര്‍മ്മികമായ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. സബ്കാ സാത്, സബ്കാ വികാസ് നടപ്പിലാക്കണമെങ്കില്‍ രാജ്യത്ത് ജനങ്ങള്‍ ബാക്കിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രീ, നിങ്ങളുടെ സബ്കാ സാത് സബ്കാ വികാസ് പോരാട്ടത്തില്‍ ഞങ്ങളും ഒപ്പമുണ്ട്. പക്ഷേ, അത് കാണാന്‍ ഇവിടെ ജനങ്ങള്‍ ബാക്കിയുണ്ടാകണം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തയിരുന്നു ഗുലാം നബിയുടെ വിമര്‍ശനം.

ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസമാണ് മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. 24 വയസുള്ള തബ്രീസ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. മോഷണകുറ്റമാരോപിച്ചായിരുന്നു മര്‍ദ്ദനം. തബ്രീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തുകയും വാട്സ്ആപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു അര മിനുട്ടുള്ള വീഡിയോയില്‍ തബ്രീസ് നിലത്ത് പുല്ലില്‍ കിടക്കുന്നതും ചുറ്റുമുള്ളവര്‍ ആക്രോശിക്കുമ്പോള്‍ ഒരാള്‍ മരക്കഷ്ണം ഉപയോഗിച്ച് അദ്ദേഹത്തെ അടിക്കുന്നതും വ്യക്തമായിരുന്നു. വീഡിയോയില്‍ അക്രമികള്‍ ജയ് ശ്രീരാം എന്ന് വിളിയ്ക്കുന്നതും തബ്രീസിനെ കൊണ്ട് ജയ് ശ്രീരാം എന്നും പാകിസ്താന്‍ മൂര്‍ദാബാദ് എന്നും വിളിപ്പിക്കുന്നതും കാണാം.