ഗുലാം നബി ആസാദ് പുറത്ത്, സുര്‍ജേവാലയ്ക്ക് പ്രൊമോഷന്‍; വിമതരെ പ്രധാനസ്ഥാനത്ത് നിന്ന് മാറ്റി കോണ്‍ഗ്രസ് പുനസംഘടന
national news
ഗുലാം നബി ആസാദ് പുറത്ത്, സുര്‍ജേവാലയ്ക്ക് പ്രൊമോഷന്‍; വിമതരെ പ്രധാനസ്ഥാനത്ത് നിന്ന് മാറ്റി കോണ്‍ഗ്രസ് പുനസംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2020, 8:59 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ മാറ്റി. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളില്‍ പ്രധാനിയായിരുന്നു ഗുലാം നബി ആസാദ്.

ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന എ.ഐ.സി.സി സെക്രട്ടറിയായിരുന്ന ഗുലാം നബി ആസാദിന് പകരം വിവേക് ബന്‍സാലിനാണ് പുതിയ ചുമതല. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായ രണ്‍ദീപ് സുര്‍ജേവാലയ്ക്ക് ഉന്നതാധികാര സമിതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനാണ് ആറംഗ ഉന്നതാധികാര സമിതി. എ കെ ആന്റണിയാണ് ഇതിന്റെ അധ്യക്ഷന്‍.

ആന്റണിയെ കൂടാതെ അഹമ്മദ് പട്ടേല്‍, അംബിക സോണി, മുകുള്‍ വാസ്നിക്ക്, രാഹുലിന്റെ പ്രതിനിധികളായി സുര്‍ജേവാല, കെ.സി വേണുഗോപാല്‍ എന്നിവരും സമിതിയില്‍ ഇടംപിടിച്ചു.

പ്രധാന സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെല്ലാം രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ്. മുതിര്‍ന്ന നേതാക്കളായ മോത്തിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

ഗുലാം നബി ആസാദും അംബികാ സോണിയും പ്രവര്‍ത്തക സമിതിയില്‍ തുടരും.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമതനീക്കം നടത്തിയ സച്ചിന്‍ പൈലറ്റിനെയും പ്രധാന പദവികളിലേക്ക് പരിഗണിച്ചില്ല. കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനറല്‍ സെക്രട്ടറിയായി തുടരും. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് ഉമ്മന്‍ചാണ്ടിക്ക് തുടര്‍ന്നും നല്‍കിയിട്ടുള്ളത്.

നേതൃത്വ പ്രതിസന്ധി ചൂണ്ടിക്കാട്ടി കത്തെഴുതിയവരില്‍ ഉള്‍പ്പെട്ട മുകുള്‍ വാസ്നിക്കിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തിയിട്ടുണ്ട്. മുകുള്‍ വാസ്നിക്, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി, താരിഖ് അന്‍വര്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സുര്‍ജെവാല, ജിതേന്ദ്ര സിങ്, കെ സി വേണുഗോപാല്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍.

താരിഖ് അന്‍വറിനാണ് കേരളത്തിന്റേയും ലക്ഷദ്വീപിന്റേയും ചുമതല. കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും തുടരും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ghulam Nabi Azad gets the axe, Randeep Surjewala biggest gainer AICC Sonia Gandhi