ദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനെ ഒഴിവാക്കി കോണ്‍ഗ്രസിന്റെ പുതിയ അച്ചടക്ക സമിതി രൂപീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്തിയ പുനസംഘടനയിലാണ് ഗുലാം നബി ആസാദിനെ ഒഴിവാക്കിയത്.
പാര്‍ട്ടിയില്‍ സമൂല അഴിച്ചു പണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളില്‍ പ്രമുഖനായിരുന്നു ഗുലാം നബി ആസാദ്. മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയേും അരുണാചല്‍ മുന്‍മുഖ്യമന്ത്രി മുകുത് മിത്തിയേയും പാനലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ജമ്മുകശ്മീരിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട് ആസാദ് പക്ഷക്കാരായ 20ളം പ്രാദേശിക നേതാക്കള്‍ രാജി വെച്ചതിന് പിന്നാലെയാണ് ആസാദിനെ ഒഴിവാക്കിയ ഹൈക്കമാന്‍ഡിന്റെ നടപടി. മുന്‍മന്ത്രിമാരായ ജി.എം സറൂരി, വികാര്‍ റസൂല്‍, ഡോ. മനോഹര്‍ ലാല്‍ ശര്‍മ, മുന്‍ എം.എല്‍.എമാരായ ജുഗല്‍ കിഷോര്‍ ശര്‍മ, ഗുലാം നബി മോംഗ, നരേഷ് ഗുപ്ത, മുഹമ്മദ് അമിന്‍ ഭട്ട്, സുബാഷ് ഗുപ്ത, പി.സി.സി വൈസ് പ്രസിഡന്റ് അന്‍വര്‍ ഭട്ട്, കുല്‍ഗാം ജില്ലാ ഡെവലപ്മെന്റ് കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ അനിയത്തുള്ള റാത്തര്‍ എന്നിവരാണ് രാജി വച്ചത്.
അച്ചടക്ക സമിതിയുടെ തലവനായി എ.കെ ആന്റണിയെയാണ് വീണ്ടും തെരഞ്ഞെടുത്തത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സി.ഡബ്ലു.സി അംഗം അംബിക സോണി, ദല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ് പ്രകാശ് അഗര്‍വാള്‍, കര്‍ണാടകയില്‍ നിന്നുമുള്ള ജി. പരമേശ്വര എന്നിവരാണ് മറ്റ് അംഗങ്ങള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മോത്തിലാല്‍ വോറയുടെ മരണശേഷം സമിതി ചേര്‍ന്നിട്ടില്ല.
ജി 23 യിലെ പ്രമുഖ നേതാക്കളായ ആസാദും, കപില്‍ സിബലും കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. അടുത്തിടെ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസിന് ഒരു പ്രസിഡന്റ് ഇല്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.
ഇതിന് ശേഷം നടത്തിയ സി.ഡബ്ലു.സി മീറ്റിങില്‍ ഇപ്പോള്‍ താനാണ് മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രസിഡന്റെന്ന് ചൂണ്ടിക്കാണിച്ച സോണിയ ഗാന്ധി, തുറന്ന് പറയുന്നതാണ് തനിക്ക് ഇഷ്ടമെന്നും മാധ്യമങ്ങളിലൂടെ തന്നോട് സംസാരിക്കേണ്ട എന്നും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം