രാഹുലിന്റെ വരവാണ് കോണ്‍ഗ്രസിനെ തകര്‍ത്തത്; പോരായ്മ ചൂണ്ടിക്കാട്ടിയവരെ ആക്രമിക്കാന്‍ വീട്ടിലേക്ക് ഗുണ്ടകളെ വിട്ടു: ഗുലാം നബി ആസാദ്
national news
രാഹുലിന്റെ വരവാണ് കോണ്‍ഗ്രസിനെ തകര്‍ത്തത്; പോരായ്മ ചൂണ്ടിക്കാട്ടിയവരെ ആക്രമിക്കാന്‍ വീട്ടിലേക്ക് ഗുണ്ടകളെ വിട്ടു: ഗുലാം നബി ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th August 2022, 1:12 pm

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്കത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം. അഞ്ച് പേജുള്ള രാജിക്കത്താണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കിയത്.

ഏറെക്കാലമായി താന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളുടെ തീരുമാനങ്ങളെ അംഗീകരിക്കാനും അവ മനസിലാക്കാനും സോണിയ ഗാന്ധി നടത്തിയ ഇടപെടലാണ് ഒന്നാം യു.പി.എ സര്‍ക്കാരും രണ്ടാം യു.പി.എ
സര്‍ക്കാരുമുണ്ടാകാന്‍ വഴിവെച്ചതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

എന്നാല്‍ 2013ല്‍ രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയിലേക്കുള്ള വരവിന് ശേഷമാണ് കോണ്‍ഗ്രസില്‍ കാര്യമായ വീഴ്ചകളുണ്ടായതെന്നാണ് ഗുലാം നബി ആസാദ് പറയുന്നത്.

‘2013ല്‍ നിങ്ങള്‍ (സോണിയ ഗാന്ധി) രാഹുല്‍ ഗാന്ധിയെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോള്‍ അതുവരെ നിലനിന്നിരുന്ന എല്ലാ കണ്‍സള്‍ട്ടേറ്റീവ് മെക്കാനിസങ്ങളും രാഹുല്‍ ഗാന്ധി ഇല്ലാതാക്കി. മുന്‍ പരിചയമുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തഴയപ്പെട്ടു. പുതു തലമുറക്കാരും രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ലാത്തവരും പാര്‍ട്ടി വിഷയങ്ങളും പൊതു വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തുടങ്ങി.

ഇത്തരം പക്വതയില്ലായ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് മാധ്യമങ്ങളുള്‍പ്പെടെ ഒരു വലിയ ജനക്കൂട്ടം നോക്കിനില്‍ക്കേ രാഹുല്‍ ഗാന്ധി ഒരു സര്‍ക്കാര്‍ ഉത്തരവ് കീറിക്കളഞ്ഞത്. ആ പ്രവര്‍ത്തി പക്വതയില്ലായ്മ തന്നെയായിരുന്നു,’ അദ്ദേഹം രാജിക്കത്തില്‍ കുറിച്ചു.

ഈ പ്രവര്‍ത്തിയാണ് 2014ല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുള്ള പ്രധാന കാരണമായതെന്നും അദ്ദേഹം രാജിക്കത്തില്‍ ആരോപിച്ചു. നാണംകെട്ട രീതിയിലാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ 2019ലെ തെരഞ്ഞെടുപ്പ് മുതല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനമൊഴിഞ്ഞത് മുതിര്‍ന്ന എല്ലാ നേതാക്കളേയും അധിക്ഷേപിച്ചുകൊണ്ടാണ്. യു.പി.എ സര്‍ക്കാരിന്റെ ധാര്‍മ്മികത തകര്‍ത്ത റിമോട്ട് കണ്‍ട്രോള്‍ മോഡല്‍ കോണ്‍ഗ്രസിനേയും കയ്യടക്കി. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെല്ലാം രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തിന്റെ പി.എകളോ ആണ്.

2020 ഓഗസ്റ്റില്‍ ഞാനും മുതിര്‍ന്ന 22 നേതാക്കളും മുന്‍ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പാര്‍ട്ടിയിലെ ഈ മാറ്റത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രത്യേക താല്‍പര്യക്കാരുടെ ഈ സംഘം മുഖസ്തുതിക്കാരെ അഴിച്ചുവിട്ട് ഞങ്ങളെ ആക്രമിച്ചു. ഞങ്ങളെ വില്ലന്‍മാരാക്കി. ഒരു മാന്യതയുമില്ലാതെ അപമാനിച്ചു.

ഈ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് ജമ്മുവില്‍ എന്റെ ശവഘോഷയാത്ര നടത്തിയത്. എന്റെ ശവഘോഷയാത്ര നടത്തിയവര്‍ക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും രാഹുല്‍ ഗാന്ധിയും വിരുന്നൊരുക്കി. കായികമായി ആക്രമിക്കാന്‍ കപില്‍ സിബലിന്റെ വസതിയിലേക്ക് ഗുണ്ടകളെ അഴിച്ചുവിട്ടതും ഇതേ സംഘം തന്നെയാണ്. പാര്‍ട്ടിയിലെ പോരായ്മകളും പരിഹാരങ്ങളും ചൂണ്ടിക്കാട്ടുക മാത്രമാണ് 23 നേതാക്കള്‍ ചെയ്ത ഏക കുറ്റകൃത്യം എന്ന് കൂടി ഓര്‍ക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോണ്‍ഗ്രസിനുണ്ടായിരുന്ന സ്ഥാനം ഇന്ന് കോണ്‍ഗ്രസ് തന്നെ ബി.ജെ.പിക്ക് വേണ്ടി ഇളവുചെയ്തുകൊടുക്കുന്നത് പോലെയാണ്. ഇതെല്ലാം നടന്നത് അധികാരത്തില്‍ വന്ന മാറ്റം കൊണ്ടാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പാര്‍ട്ടി തന്നെ രാജ്യത്തെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ കോണ്‍ഗ്രസിന് വന്ന പതനത്തെക്കുറിച്ച് ചിന്തിച്ചോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്ക് മുന്‍പ് നേതാക്കള്‍ ഒരു കോണ്‍ഗ്രസ് ജോഡോ യാത്ര നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Ghulam nabi azad criticizes rahul gandhi, says that he is the villain in congress’s defeat