| Thursday, 18th April 2024, 9:56 am

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മടി; ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: രാഹുല്‍ ഗാന്ധി ബി.ജെ.പിക്ക് എതിരെ ധീരമായ പോരാട്ടമാണ് നടത്തുന്നതെന്ന വാദത്തെ തള്ളി മുന്‍ കോണ്‍ഗ്രസ് നേതാവും ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്‍മാനുമായ ഗുലാം നബി ആസാദ്. ന്യൂനപക്ഷ സമുദായം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ രാഹുല്‍ അഭയം തേടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

രാഹുല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷിതമായ സീറ്റുകള്‍ തേടിപ്പോകുകയാണെന്നും ആസാദ് പറഞ്ഞു. ബി.ജെ.പിക്ക് എതിരെ പോരാടാനുള്ള കോണ്‍ഗ്രസിന്റെ പ്രതിബദ്ധതയെ അദ്ദേഹം ചോദ്യം ചെയ്തു.

രാഹുല്‍ ഗാന്ധിയെയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയെയും ആസാദ് പരിഹസിച്ചിരുന്നു. രാഷ്ട്രീയക്കാരെന്നതിനുപരി ഇരുവരും സ്പൂണ്‍ ഫീഡ് കിഡ്‌സ് എന്നാണ് പറഞ്ഞത്.

അവര്‍ ജീവിതത്തില്‍ വ്യക്തിപരമായ ത്യാഗങ്ങള്‍ ചെയ്തിട്ടില്ലെന്നും പാരമ്പര്യമായി ലഭിച്ച രാഷ്ട്രീയ പൈതൃകങ്ങള്‍ ആസ്വദിക്കുക മാത്രമാണ് ചെയ്തതെന്നും ആസാദ് ആരോപിച്ചു. തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജി.എം. സരൂറിയെ പിന്തുണച്ച് പ്രചാരണം നടത്തുകയായിരുന്നു ആസാദ്.

‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുല്‍ മത്സരിക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? ബി.ജെ.പിക്കെതിരെ പോരാടുക എന്ന് രാഹുല്‍ ഗാന്ധി അവകാശപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറിച്ചാണ്, എന്തിനാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് ന്യൂനപക്ഷ മേധാവിത്വമുള്ള സംസ്ഥാനങ്ങളില്‍ അഭയം തേടുന്നത്,’ ഉദ്ധംപൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സങ്കല്‍ദാന്‍, ഉഖ്രാല്‍ പ്രദേശങ്ങളില്‍ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു ആസാദ്.

Content Highlight: Ghulam Nabi Azad criticized Rahul Gandhi

 
We use cookies to give you the best possible experience. Learn more