ഗുലാം അലിക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി
Daily News
ഗുലാം അലിക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th January 2016, 6:26 pm

തിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ് അച്ച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  പ്രഥമ സ്വരലയ ഗ്ലോബല്‍ പുരസ്‌കാരം ഉമ്മന്‍ചാണ്ടി ഗുലാം അലിയ്ക്ക് നല്‍കി ആദരിച്ചു.

തന്റെ സംഗീത ജീവിതത്തിലെ മഹത്തായ ദിവസമാണ് ഇന്ന് എന്നും 55 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയ്ക്ക്. മറ്റൊരിടത്തും ഇത്രയും സ്‌നേഹം അനുഭവിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും ഗുലാം അലി പറഞ്ഞു.

കേരളത്തിന്റെ മതേതരത്വം വെന്നിക്കൊടി പാറിച്ച ദിവസമാണിതെന്നും കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഭിമാന മുഹൂര്‍ത്തമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഗസലിന്റെ ആള്‍ രൂപമായാണ് ഗുലാം അലിയെ ആളുകള്‍ കാണുന്നതെന്നും രാജ്യത്തിന്റെ അതിരുകള്‍ അപ്രസക്തമാവുന്നതാണ് അദ്ദേഹത്തിന്റെ സംഗീതമെന്നും ഗുലാം അലിയ്ക്ക് നേരെ വാളോങ്ങുന്ന സംഘപരിവാര്‍ സംഘടനകള്‍ നാടിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു.

രാജ്യത്ത് ശിവസേനയുടെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് കേരളത്തില്‍ ഗുലാം അലിയുടെ പരിപാടി നടക്കുന്നത്. നേരത്തെ മുംബൈയയിലും ദല്‍ഹിയിലും ലക്‌നൗവിലും നടക്കാനിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദ് ചെയ്തിരുന്നു. കേരളത്തിലും പരിപാടി തടയുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്. 15 ന് തിരുവനന്തപുരത്തും 17ന് കോഴിക്കോടുമാണ് പരിപാടി.