| Friday, 15th January 2016, 11:22 pm

ഗസല്‍ മഴ പെയ്യിച്ച് ഗുലാംഅലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഗസല്‍ മഴ പെയ്യിച്ച് ഗുലാംഅലിയുടെ സംഗീത സന്ധ്യ. സംഗീത സാന്ദ്രമായ സദസില്‍ ഗുലാം അലിക്കൊപ്പം മകനായ ആമിര്‍ ഗുലാം അലി, പണ്ഡിറ്റ് വിശ്വനാഥ് എന്നിവരും സംഗീത പ്രേമികളെ കൈയിലെടുത്തു. ചടങ്ങില്‍ ഒ.എന്‍.വി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. സംഗീതത്തിനും കലയ്ക്കും അതിര് നിശ്ചയിക്കരുതെന്ന് സംഗീതാര്‍ച്ചനക്ക് തുടക്കം കുറിച്ച് കൊണ്ട് പണ്ഡിറ്റ് വിശ്വനാഥ് പറഞ്ഞു.

അതേ സമയം പരിപാടി അലങ്കോലപ്പെടുത്താനുള്ള ശിവസേനയുടെ നീക്കം ഫലം കണ്ടില്ല. സംഗീത പരിപാടി നടക്കുന്ന നിശാഗന്ധി തിയറ്ററിന് സമീപമാണ് ശിവസേന പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തിയത്. പാക് പതാക കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ശിവസേനക്കാരെ പോലീസ് വിരട്ടിയോടിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

സലാം ഗുലാം അലി എന്ന പേരില്‍ സ്വരലയയും ജി.കെ.എസ്എഫും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. നാളെ കോഴിക്കോടും ഗുലാം അലി പാടുന്നുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഗുലാം അലിയെ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചിരുന്നു. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ നടത്താനിരുന്ന പരിപാടികള്‍ മുടങ്ങിയ സാഹചര്യത്തിലായിരുന്നു കേരളം അദ്ദേഹത്തെ ക്ഷണിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more