തിരുവനന്തപുരം: പ്രശസ്ത പാക് ഗായകന്‍ ഗുലാം അലി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. 15, 17 തീയതികളില്‍ തിരുവനന്തപുരത്തും കോഴിക്കോടും നടക്കുന്ന സംഗീതപരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് ഗുലാം അലി കേരളത്തില്‍ എത്തിയിരിക്കുന്നത്. എം.എ ബേബി, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ എന്നിവരും ഗുലാം അലിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
നേരത്തെ ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ന്ന് മുംബൈ, ദല്‍ഹി, ലക്‌നൗ എന്നിവിടങ്ങളിലെ പരിപാടികള്‍ ഉപേക്ഷിക്കേണ്ടിവന്നിരുന്നു. കേരളത്തിന് പുറത്ത് പ്രതിഷേധങ്ങള്‍ മൂലം ഗുലാം അലിയുടെ പരിപാടികള്‍ റദ്ദ് ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിലെ സംഗീതപ്രേമികള്‍ ഗുലാം അലിയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നത്. തുടര്‍ന്ന് ഗുലാം അലിയുമായി സംഘാടകര്‍ ബന്ധപ്പെടുകയും അദ്ദേഹം വരാമെന്ന് സമ്മതിക്കുകയുമായിരുന്നു.
ജനുവരി 15ന് തിരുവനന്തപുരത്തും ജനുവരി 17ന് കോഴിക്കോട്ടുമാണ് പരിപാടി നടത്തുന്നത്. സ്വരലയയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലും പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഗുലാം അലിയുടെ പരിപാടിക്ക് പിന്തുണയുമായി ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.