ന്യൂദല്‍ഹി: ഗസല്‍ ഗായകന്‍ ഗുലാം അലി നവംബര്‍ എട്ടിന് ദല്‍ഹിയില്‍ നടത്താനിരുന്ന പരിപാടിയും റദ്ദാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നത് വരെ ഇന്ത്യയില്‍ പരിപാടി അവതരിപ്പേക്കണ്ടതില്ലെന്ന നിലപാടിലാണ് ഗുലാം അലി. ഒക്ടോബര്‍ മാസത്തില്‍ മുംബൈയില്‍ നടത്താനിരുന്ന സംഗീത പരിപാടി ശിവസേന മുടക്കിയതിനെ തുടര്‍ന്ന് ദല്‍ഹി സര്‍ക്കാരാണ് ഗുലാം അലിക്ക് ദല്‍ഹിയില്‍ വേദിയൊരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
ദല്‍ഹിക്ക് പുറമെ ഡിസംബറില്‍ ലക്‌നൗ മഹോല്‍സവത്തിലും പാടുമെന്ന് അലി പ്രഖ്യാപിച്ചിരുന്നു.
ദല്‍ഹിയിലെ ഗുലാം അലിയുടെ പരിപാടിയും നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ അണി നിരത്തി പരിപാടിക്ക് സുരക്ഷയൊരുക്കുമെന്നാണ് ദല്‍ഹി സര്‍ക്കാര്‍ ശിവസേനയുടെ ഭീഷണിയോട് പ്രതികരിച്ചിരുന്നത്.
അതേ സമയം ഗുലാം അലിയുടെ നിലപാടിനെ പിന്തുണച്ചും പാകിസ്ഥാനെ വിമര്‍ശിച്ചും സെന്‍സര്‍ ബോര്‍ഡ് അംഗം അസോക് പണ്ഡിറ്റ് രംഗത്ത് എത്തി. അലിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്നും പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനികരോട് മര്യാദകേട് അവസാനിപ്പിക്കുന്നത് വരെ ഇന്ത്യയിലേക്ക് മറ്റ് പാക് കലാകാരന്‍മാരും വരരുതെന്നും അശോക് പണ്ഡിറ്റ് പറഞ്ഞു.