ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് പ്രേതങ്ങളല്ല, മനുഷ്യന്മാര്‍ തന്നെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇ.വി.എം മെഷീനില്‍ ക്രമക്കേട് നടന്നെന്നുമുള്ള ആരോപണങ്ങള്‍ക്കുള്ള വിശദീകരണം നല്‍കവെയായിരുന്നു കമ്മീഷന്റെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറച്ച് എണ്ണിയതും കൂടുതല്‍ എണ്ണിയതുമായ ഇടങ്ങളില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
ഫലം പുറത്തുവന്ന മെയ് 23 മുതല്‍ത്തന്നെ നിരവധി മണ്ഡലങ്ങളിലെ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ അന്തരമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കമ്മീഷന്‍ പുറത്തുവിട്ട മണ്ഡലം തിരിച്ചുള്ള എണ്ണിയ വോട്ടുകളുടെ എണ്ണവും പോള്‍ ചെയ്തതായി കമ്മീഷന്‍ സൈറ്റില്‍ കാണിക്കുന്ന എണ്ണവും തമ്മില്‍ വ്യത്യാസം കണ്ടെത്തിയിരുന്നു. കൂടുതലായി എണ്ണപ്പെട്ട വോട്ടുകളെ ഗോസ്റ്റ് വോട്ടുകളെന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, വെബ്‌സൈറ്റിലെ നേരത്തെയുള്ള കണക്കുകള്‍ താല്‍ക്കാലികമാണെന്നും അവ മാറ്റങ്ങള്‍ക്ക് വിധേയമാണെന്നുമാണ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. കൃത്യമായ കണക്കെടുപ്പിന് ശേഷം യഥാര്‍ത്ഥ കണക്കുകള്‍ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകള്‍ ഒരോ റിട്ടേണിങ് ഓഫീസര്‍മാരില്‍ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ സമയമെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 2014ലെ തെരഞ്ഞെടുപ്പിന് ശേഷം അന്തിമ കണക്കുകള്‍ പുറത്തുവിടാന്‍ മൂന്ന് മാസംവരെ എടുത്തിരുന്നെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 373 മണ്ഡലങ്ങളില്‍ ഇ.വി.എമ്മുകളിലെ ആകെ വോട്ടിലും പോള്‍ ചെയ്ത വോട്ടിലും ക്രമക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓരോ മണ്ഡലങ്ങളിലും ആകെ പോള്‍ ചെയ്ത വോട്ടും ഇ.വി.എമ്മുകളില്‍ നിന്നും എണ്ണിയ വോട്ടും തമ്മില്‍ താരതമ്യപ്പെടുത്തി ദി ക്വിന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇ.വി.എമ്മുകളില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. പോള്‍ ചെയ്ത വോട്ടിനേക്കാള്‍ കൂടുതലാണ് ഇ.വി.എമ്മുകളില്‍ നിന്നും എണ്ണിയ വോട്ടുകള്‍.
ആദ്യത്തെ നാല് ഘട്ട പോളിങ്ങില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 373 മണ്ഡലങ്ങളില്‍ 220 എണ്ണത്തില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ എണ്ണിയിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ കുറഞ്ഞ വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് 12,14,086 വോട്ടുകളാണ് പോള്‍ ചെയതതെന്ന് സൈറ്റിലെ കണക്കുകള്‍. എന്നാല്‍ പുതിയ കണക്കുകളില്‍ ഇവിടെ ആകെ എണ്ണിയത് 12,32,417 വോട്ടുകളാണ്. 18,331 വോട്ടുകളുടെ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ധര്‍മപുരി, മഥുര, ഔറംഗബാദ് എന്നവിടങ്ങളിലെ കണക്കുകളും ക്വിന്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.