ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് പ്രേതങ്ങളല്ല, മനുഷ്യന്മാര്‍ തന്നെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഇ.വി.എം മെഷീനില്‍ ക്രമക്കേട് നടന്നെന്നുമുള്ള ആരോപണങ്ങള്‍ക്കുള്ള വിശദീകരണം നല്‍കവെയായിരുന്നു കമ്മീഷന്റെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറച്ച് എണ്ണിയതും കൂടുതല്‍ എണ്ണിയതുമായ ഇടങ്ങളില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
ഫലം പുറത്തുവന്ന മെയ് 23 മുതല്‍ത്തന്നെ നിരവധി മണ്ഡലങ്ങളിലെ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ അന്തരമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കമ്മീഷന്‍ പുറത്തുവിട്ട മണ്ഡലം തിരിച്ചുള്ള എണ്ണിയ വോട്ടുകളുടെ എണ്ണവും പോള്‍ ചെയ്തതായി കമ്മീഷന്‍ സൈറ്റില്‍ കാണിക്കുന്ന എണ്ണവും തമ്മില്‍ വ്യത്യാസം കണ്ടെത്തിയിരുന്നു. കൂടുതലായി എണ്ണപ്പെട്ട വോട്ടുകളെ ഗോസ്റ്റ് വോട്ടുകളെന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, വെബ്‌സൈറ്റിലെ നേരത്തെയുള്ള കണക്കുകള്‍ താല്‍ക്കാലികമാണെന്നും അവ മാറ്റങ്ങള്‍ക്ക് വിധേയമാണെന്നുമാണ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. കൃത്യമായ കണക്കെടുപ്പിന് ശേഷം യഥാര്‍ത്ഥ കണക്കുകള്‍ വൈകാതെ പുറത്തുവിടും. അന്തിമ കണക്കുകള്‍ ഒരോ റിട്ടേണിങ് ഓഫീസര്‍മാരില്‍ നിന്നും ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ സമയമെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. 2014ലെ തെരഞ്ഞെടുപ്പിന് ശേഷം അന്തിമ കണക്കുകള്‍ പുറത്തുവിടാന്‍ മൂന്ന് മാസംവരെ എടുത്തിരുന്നെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.