| Thursday, 19th April 2018, 8:01 am

'നോട്ട് നിരോധനത്തിന്റെ പ്രേതം സര്‍ക്കാരിനെ വേട്ടയാടാന്‍ തിരിച്ചെത്തിയിരിക്കുന്നു'; നോട്ട് ക്ഷാമത്തില്‍ മോദി സര്‍ക്കാരിനെതിരെ ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദിയുടെ നോട്ട് നിരോധനത്തിന്റെ പ്രേതം സര്‍ക്കാരിനെ വേട്ടയാടാന്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന് മുന്‍ ധനകാര്യമന്ത്രി പി. ചിദംബരം. രാജ്യത്ത് അപ്രതീക്ഷിതമായുണ്ടായ നോട്ട് ക്ഷാമത്തെ മുന്‍നിര്‍ത്തി പൂഴ്ത്തിവെപ്പുകാരെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ് 2000രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും എ.ടി.എമ്മുകളില്‍ നോട്ട് ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ കേന്ദ്ര ധനകാര്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ ബാങ്ക് തട്ടിപ്പുകള്‍ ബാങ്കിങ് സമ്പ്രദായത്തില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കാമെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ പണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവര്‍ തയ്യറാകാത്തതാകാമെന്നും അദ്ദേഹം നിരീക്ഷിച്ചു.


Also Read: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; ഗോപിനാഥപ്പിള്ളയുടെ നിയമപോരാട്ടം ഞാനേറ്റെടുക്കും: ജാവേദ് ശൈഖിന്റെ ഭാര്യ


“നോട്ട് നിരോധനത്തിന്റെ പ്രേതം സര്‍ക്കാരിനേയും റിസര്‍വ് ബാങ്കിനേയും വേട്ടയാടാന്‍ തിരിച്ചെത്തിയിരിക്കുന്നു. നോട്ട് നിരോധനത്തിന് 17 മാസങ്ങള്‍ക്ക് ശേഷവും എന്തുകൊണ്ടാണ് എ.ടി.എമ്മുകള്‍ വീണ്ടും ഒഴിഞ്ഞുകിടക്കുന്നത്?”, ചിദംബരം ചോദിച്ചു. “500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചാണ് സര്‍ക്കാര്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. എന്നാല്‍ 2000 രൂപ നോട്ടുകള്‍ പൂഴ്ത്തിവെക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. നമുക്കറിയാം, 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയിട്ടുള്ളത് തട്ടിപ്പുകാരെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ്”, ചിദംബരം പ്രതികരിച്ചു.

രാജ്യത്ത് എന്തുകൊണ്ടാണ് നോട്ടുകള്‍ക്ക് ക്ഷാമമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. താന്‍ ഡിജിറ്റൈസേഷനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളതെന്നും, എന്നാല്‍, അത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൈസേഷന്റെ ഗതിയെ നിയന്ത്രിക്കാനായി പണത്തിന്റെ വിതരണത്തെ നിര്‍ബന്ധപൂര്‍വം കുറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Watch DoolNews Video:

We use cookies to give you the best possible experience. Learn more