ഹൈദരബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ ഫല സൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം. 150 ഡിവിഷനുകളിലായി 1,122 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്.
വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ബി.ജെ.പി 40 സീറ്റുകളില്‍ മുന്നേറുന്നുവെന്ന റിപ്പാര്‍ട്ടാണ് പുറത്തു വരുന്നത്. ഭരണകക്ഷിയായ ടി.ആര്‍.എസ് 14 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്.
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്കും, ബി.ജെ.പിക്കും, അസദുദ്ദിന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം (ആള്‍ ഇന്ത്യ മജ്‌ലിസ് -ഇ-ഇത്തേഹാദുല്‍) പാര്‍ട്ടിക്കും നിര്‍ണായകമാണ് ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന്റെ വിധി.
ദേശീയ നേതാക്കളെ ഉള്‍പ്പെടെ അണിനിരത്തിയാണ് ബി.ജെ.പി ക്യാമ്പയിന് നേതൃത്വം നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ പ്രചരണ പരിപാടിയുടെ ഭാഗമായി ഹൈദരാബാദ് എത്തിയിരുന്നു.
അസദുദ്ദിന്‍ ഉവൈസിയും തെലങ്കാന രാഷ്ട്ര സമിതിയും ശക്തമായ പ്രചരണമാണ് ഹൈദരാബാദില്‍ ഉടനീളം നടത്തിയത്.
2016ലെ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ്- എ.ഐ.എം.ഐ.എം സഖ്യം 150 സീറ്റുകളില്‍ 99 ഉം നേടിയിരുന്നു. ഉവൈസിയുടെ പാര്‍ട്ടിക്ക് 2016ല്‍ 44 സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് 2 ഉം, ടി.ഡി.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.
ഹൈദരാബാദ് തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി വര്‍ഗീയത പ്രചരണ ആയുധമാക്കുന്നുവെന്ന വിമര്‍ശനം പല തവണ ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഹൈദരാബാദിലെ പരമ്പരാഗത പ്രദേശങ്ങളിലെ റോഹിങ്ക്യന്‍ മുസ്ലിങ്ങളെയും പാകിസ്താനികളെയും കണ്ടെത്താന്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്നായിരുന്നു ബി.ജെ.പി യൂണിറ്റ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് വാഗ്ധാനം ന്ല്‍കിയത്. ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പ്രചരണത്തിനെത്തിയ ആദിത്യനാഥ് ഹൈദരാബാദിന്റെ പേര് മാറ്റുമെന്നും പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: GHMC Elections 2020 Results LIVE Updates: Counting Begins