| Saturday, 5th December 2020, 12:38 pm

146 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് രണ്ടിടത്ത്, 51ല്‍ മത്സരിച്ച് 44 സീറ്റും നേടി ഉവൈസി: ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയ പരാജയം ചര്‍ച്ചയാകുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം മത്സരിച്ച സീറ്റില്‍ മുക്കാല്‍ ഭാഗത്തിലേറെ വിജയം നേടിയതും ഇതിനൊപ്പം ചര്‍ച്ചയാകുന്നുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് എ.ഐ.എം.ഐ.എം മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഹൈദരാബാദിലെ ഇരു പാര്‍ട്ടികളുടെയും പ്രകടനം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

146 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ മാത്രമാണ് ഹൈദരാബാദില്‍ വിജയിക്കാനായത്. ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും വലിയ വിമര്‍ശനം നേരിട്ട കോണ്‍ഗ്രസ് നേതൃത്വത്തിന് ഹൈദരാബാദ് തോല്‍വി കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുകയാണ്. 2016ലെ തെരഞ്ഞെടുപ്പിലും രണ്ട് സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസ് നേടിയിരുന്നത്.

അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആവര്‍ത്തിച്ചിരിക്കുകയാണ് എ.ഐ.എം.ഐ.എം. മത്സരിച്ച സീറ്റുകളില്‍ ഏറ്റവും കൂടുതല്‍ എണ്ണത്തില്‍ വിജയിച്ചിരിക്കുന്നത് എ.ഐ.എം.ഐ.എമ്മാണ്. 51 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി 44ലും വിജയിച്ചു. 2016ലും ഉവൈസിയുടെ പാര്‍ട്ടി 44 സീറ്റുകളായിരുന്നു നേടിയത്.

വിജയസാധ്യത പരിശോധിക്കുമ്പോള്‍ ചെറിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധ്യതയുള്ള ടി.ആര്‍.സിനെയോ എ.ഐ.എം.ഐ.എമ്മിനെയോ പിന്തുണച്ച് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കേണ്ടതായിരുന്നില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം

ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ എല്ലാവരും ഒന്നിക്കണമെന്ന് പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് അത് പ്രവര്‍ത്തിയില്‍ കൊണ്ടുവന്നില്ലെന്നും സാമൂഹ്യമാധ്യമങ്ങള്‍ ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഹൈദരാബാദില്‍ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ രണ്ടാമത്തെ വലിയ കക്ഷിയാക്കിയത് കോണ്‍ഗ്രസാണെന്നും വ്യാപക വിമര്‍ശനമുയരുന്നുണ്ട്.

ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാതിരുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയിരിക്കുന്നത് തെലങ്കാന രാഷ്ട്ര സമിതിയാണ്. 55 സീറ്റിലാണ് ടി.ആര്‍.എസ് വിജയിച്ചിരിക്കുന്നത്. 150 സീറ്റുകളിലായിരുന്നു പാര്‍ട്ടി മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ ഈ വിജയമല്ല പ്രതീക്ഷിച്ചതെന്ന് തെലങ്കാന ഐ.ടി മന്ത്രിയും ടി.ആര്‍.എസ് വര്‍ക്കിങ്ങ് പ്രസിഡന്റുമായ കെ. ടി രാമാറാവു പറഞ്ഞു. ടി.ആര്‍.എസ് തന്നെ വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങളെന്നും അദ്ദേഹം പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പില്‍ 150 വാര്‍ഡുകളില്‍ 99ലും വിജയിച്ചിരുന്നു.

‘ഞാന്‍ ഇത് പ്രതീക്ഷിച്ചില്ല. 25 സീറ്റുകള്‍ കൂടി കിട്ടുമെന്ന് കരുതിയിരുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ടി.ആര്‍.എസ് വിജയിക്കുമെന്നാണ് പറഞ്ഞിരുന്നത്,’ കെ. ടി രാമ റാവു പറഞ്ഞു. 13ഓളം സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് 200 മുതല്‍ 300 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രം ലഭിച്ച ബി.ജെ.പിക്ക് ഇപ്രാവശ്യം സീറ്റ് നിലയില്‍ വലിയ വര്‍ധനവ് ഉണ്ടാക്കാനായിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല. 149 മണ്ഡലങ്ങളില്‍ മത്സരിച്ച ബി.ജെ.പി ജയിച്ചത് 49 സീറ്റുകളില്‍ മാത്രമാണ്. അമിത് ഷായും നരേന്ദ്ര മോദിയുമടക്കം രംഗത്തിറങ്ങി പ്രചരണം നടത്തിയിട്ടും വിജയം നേടാനാകാതായത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

മത്സരിച്ച ഒറ്റ സീറ്റില്‍ പോലും വിജയം നേടാനാകാതെയായിരുന്നു ടി.ഡി.പിയുടെ പ്രകടനം. 106 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി എല്ലായിടത്തും ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരൊറ്റ സീറ്റില്‍ ടി.ഡി.പി ജയിച്ചിരുന്നു.

നിലവില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ എ.ഐ.എം.ഐ.എം, ടി.ആര്‍.എസിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hyderabad Muncipal Election result Congress’s defeat and Owaisi’s AIMIM’s win, Explained

We use cookies to give you the best possible experience. Learn more