വിജയ്‌യെ നായകനാക്കി ധരണി സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗില്ലി. സിനിമയിറങ്ങി 20 വര്‍ഷം തികയുന്ന ദിവസം അണിയറപ്രവര്‍ത്തകര്‍ സിനിമ റീറിലീസ് ചെയ്തിരുന്നു. 4കെ യില്‍ റീമാസ്റ്റര്‍ ചെയ്ത പതിപ്പാണ് പുറത്തിറങ്ങിയത്. ലോകമെമ്പാടുമായി 300ലധികം സ്‌ക്രീനുകളിലാണ് ഗില്ലി റീറിലീസ് ചെയ്തത്. റിലീസ് ചെയ്ത എല്ലാ സെന്ററുകളിലും ആരാധകര്‍ പഴയ ആവേശത്തോടെ ചിത്രം ആഘോഷമാക്കി.
ആദ്യദിനം തന്നെ ഗംഭീര ഓപ്പണിങാണ് ചിത്രം ഇട്ടത്. വേള്‍ഡ് വൈഡായി 10 കോടിക്കടുത്താണ് ഗില്ലിയുടെ ആദ്യദിന കളക്ഷന്‍. ഈ വര്‍ഷം ഇറങ്ങിയ വമ്പന്‍ സിനിമകളെക്കാള്‍ ഉയര്‍ന്ന കളക്ഷനാണ് 20 വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ തകര്‍ത്തത്. സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് മുഖ്യ കഥാപാത്രമായി എത്തിയ ലാല്‍ സലാം പോലും ആദ്യദിനം നേടിയത് വെറും ഏഴ് കോടിക്കടുത്ത് മാത്രമാണ്.
ഇതിന് പിന്നാലെ മറ്റൊരു റെക്കോഡും ഗില്ലി സ്വന്തമാക്കി. റീ റിലീസ് ചെയ്ത സിനിമകളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമ എന്ന റെക്കോഡാണ് ചിത്രം നേടിയത്. സൂര്യ നായകനായ വാരണം ആയിരം റീറിലീസ് ചെയ്തപ്പോള്‍ നേടിയ മൂന്ന് കോടിയുടെ കളക്ഷനാണ് ദളപതി പൊളിച്ചടുക്കിയത്.
രജിനികാന്തിന്റെ ബാബയും കമല്‍ ഹാസന്റെ ആളവന്താനും റീറിലീസ് ചെയ്തപ്പോള്‍ ആകെ നേടിയത് മൂന്ന് കോടിക്ക് താഴെ മാത്രമാകുമ്പോഴാണ് വിജയ്‌യുടെ ബോക്‌സ് ഓഫീസ് പവര്‍ എത്രയുണ്ടെന്ന് മനസിലാക്കാന്‍ കഴിയുന്നത്.
കബഡിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ പക്കാ കൊമേഴ്‌സ്യല്‍ ചിത്രമായ ഗില്ലി തമിഴിലെ ആദ്യ 50 കോടി ചിത്രമാവുകയും ഇന്‍ഡസ്ട്രി ഹിറ്റാവുകയും ചെയ്തിരുന്നു. വിജയ് എന്ന താരത്തിന്റെ കരിയറില്‍ ഗില്ലി ഉണ്ടാക്കിയ ഇംപാക്ട് ചെറുതല്ല. വിദ്യാസാര്‍ ഈണമിട്ട ഗാനങ്ങള്‍ക്ക് റീറിലീസ് ദിനത്തില്‍ ആരാധകര്‍ പഴയ എനര്‍ജിയോടെ ചുവടുവെക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Content Highlight: Ghillie Re release first day earned 10 crore worldwide