| Sunday, 11th February 2024, 8:11 pm

20 വര്‍ഷത്തിന് ശേഷം റീ റിലീസിനൊരുങ്ങി ഗില്ലി- റിലീസ് ഡേറ്റ് പുറത്തുവിട്ട് നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2004ല്‍ വിജയ്‌യെ നായകനാക്കി ധരണി സംവിധാനം ചെയ്ത സിനിമയാണ് ഗില്ലി. മഹേഷ് ബാബു നായകനായ ഒക്കടു എന്ന തെലുങ്ക് സിനിമയുടെ റീമേക്കാണ് ഗില്ലി. 2004ല്‍ അതുവരെ ഉണ്ടായിരുന്ന എല്ലാ കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞ ഗില്ലി 50 കോടി നേടുന്ന ആദ്യ തമിഴ് സിനിമ എന്ന റെക്കോഡും നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി. രജനികാന്ത്-കമല്‍ഹാസന്‍ എന്നിവര്‍ മാത്രം കൈയടക്കി വെച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് എന്ന റെക്കോഡ് വിജയ് ഗില്ലിയിലൂടെ സ്വന്തമാക്കുകയും തന്റെ സ്റ്റാര്‍ഡം തമിഴില്‍ ഉറപ്പിക്കുകയും ചെയ്തു.

വിജയ്‌യുടെ പിറന്നാള്‍ പ്രമാണിച്ച് എല്ലാ വര്‍ഷവും ഫാന്‍സുകാര്‍ ഈ ചിത്രം റീ റിലീസ് ചെയ്യുമായിരുന്നു. 2023ല്‍ ചിത്രം റീമാസ്റ്റര്‍ ചെയ്യാന്‍ പോകുന്നെന്നും അധികം വൈകാതെ തിയേറ്ററുകളിലെത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ റീമാസ്റ്റര്‍ ചെയ്ത വെര്‍ഷന്റെ റിലീസ് തിയതി ചിത്രത്തിന്റെ നിര്‍മാതാവായ എ.എം. രത്‌നം അറിയിച്ചിരിക്കുകയാണ്.

സിനിമയുടെ 20ാം വാര്‍ഷികദിനമായ ഏപ്രില്‍ 16ന് ചിത്രം റീ റിലീസ് ചെയ്യുമെന്ന് അറിയിച്ചു. തമിഴ് ചാനലായ വസന്ത് ടി.വി.യില്‍ നടത്തിയ അഭിമുഖത്തിലാണ് രത്‌നം ഇക്കാര്യം അറിയിച്ചത്. റീമാസ്റ്റര്‍ ചെയ്ത വെര്‍ഷന്‍ ലോകമെമ്പാടും റിലീസ് ചെയ്യാന്‍ ആലോചനയുണ്ടെന്നും വിജയ്‌യോട് അതിനെക്കുറിച്ച് സംസാരിച്ചുവെന്നും രത്‌നം കൂട്ടിച്ചേര്‍ത്തു.

വിജയ്‌യെക്കൂടാതെ തൃഷ, ആശിഷ് വിദ്യാര്‍ത്ഥി, പ്രകാശ് രാജ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. പ്രകാശ് രാജിന്റെ കരിയറിലെ ഏറ്റവും മികച്ച വില്ലന്‍വേഷമായിരുന്നു ഗില്ലിയിലെ മുത്തുപാണ്ടി. തെലുങ്ക്, തമിഴ്, കന്നഡ വേര്‍ഷനുകളില്‍ നായകവും നായികയും മാറിയെങ്കിലും വില്ലനായി പ്രകാശ് രാജ് തന്നെയായിരുന്നു വില്ലന്‍. ചിത്രത്തിന് വേണ്ടി വിദ്യാസാഗര്‍ ഒരുക്കിയ ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. 2004ല്‍ സിനിമ തിയേറ്ററില്‍ കാണാന്‍ പറ്റാത്തവര്‍ക്ക് വാണ്ടും ആസ്വദിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്‌

Content Highlight: Ghilli Re-release date announced by producer

We use cookies to give you the best possible experience. Learn more