| Saturday, 30th December 2017, 8:14 pm

'ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രം; യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവര്‍ക്കെതിരെ യേശു ക്രിസ്തു ചാട്ടവാര്‍ എടുത്തത് സഭകള്‍ ഓര്‍ക്കേണ്ടതാണ്'; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സീറോ മലബാര്‍ സഭയിലെ ഭൂമി അഴിമതി വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ആഞ്ഞടിച്ച് യോക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഇന്ന് ക്രൈസ്തവ സഭകളില്‍ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്. പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകള്‍ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“പല സഭകളും (ചില പുരോഹിതര്‍ ഉള്‍പ്പെടെ ) ഈ കാലത്ത് യാതൊരു കുറ്റബോധവും ഇല്ലാതെ റിയല്‍ എസ്റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏര്‍പ്പെടുന്നത് സഭകള്‍ക്ക് വന്നു ഭവിച്ചിരിക്കുന്ന ഈ പരിണാമത്തിന്റെ ദുരന്തഫലമാണ്. യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവര്‍ക്കെതിരെ യേശു ക്രിസ്തു ചാട്ടവാര്‍ എടുത്തത് സഭകള്‍ ഓര്‍ക്കേണ്ടതാണ്.” എന്നും അദ്ദേഹം പറയുന്നു.

“നിങ്ങള്‍ക്ക് സമ്പത്തിനെയും ദൈവത്തെയും ഒരേ സമയം സേവിക്കുവാന്‍ കഴികയില്ല” എന്ന ക്രിസ്തു പ്രബോധനവും സഭകള്‍ നഷ്ടപ്പെടുത്തുന്നു. ക്രിസ്തുവും സഭകളും തമ്മിലുള്ള ദൂരം വര്‍ദ്ധിക്കുന്നു. ഒരു സമഗ്ര അഴിച്ചു പണിക്കും ആന്തരിക മാനസാന്തരത്തിനും എല്ലാ സഭകളും തയ്യാറാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more