| Tuesday, 25th April 2023, 9:04 pm

സഭാ അധ്യക്ഷന്‍മാര്‍ക്ക് ഉറപ്പുള്ളത് അവരവരുടെ വോട്ട്; ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രമുഖ ക്രൈസ്തവ സഭാ തലവന്‍മാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം എന്നേ കഴിഞ്ഞു പോയെന്നും സഭാ അധ്യക്ഷന്‍മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരേയൊരു വോട്ട് മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നമ്മുടെ രാജ്യത്ത് എല്ലാവരെയും പോലെ സഭാ അധ്യക്ഷന്‍മാര്‍ക്കും ഒരേയൊരു വോട്ട് മാത്രമേയുള്ളു. അവര്‍ക്ക് സ്വാധീനവും നിയന്ത്രണവു മുള്ള ഏക വോട്ടും അതു മാത്രമാണ്. ബിഷപ്പുമാര്‍ പറയുന്നിടത്ത് വിശ്വാസികള്‍ വോട്ട് ചെയ്യുന്ന കാലം എന്നേ കഴിഞ്ഞു പോയി…! അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും,’ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (സിറോ മലബാര്‍ സഭ), പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ), മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ(മലങ്കര കത്തോലിക്കാ സഭ), ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (ലത്തീന്‍ സഭ), ജോസഫ് മാര്‍ ഗ്രിഗോറിയോസ്(യാക്കോബായ സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്കാ സഭ), മാര്‍ ഔഗിന്‍ കുര്യാക്കോസ്(കല്‍ദായ സുറിയാനി സഭ), കുര്യാക്കോസ് മാര്‍ സേവേറിയോസ് (ക്‌നാനായ സുറിയാനി സഭ) എന്നിവരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.

Content Highlight: Ghevarghese Mar Kourilos, reacted in the context of Prime Minister Narendra Modi’s meeting with Christian church leaders

We use cookies to give you the best possible experience. Learn more