ന്യൂദല്‍ഹി: ദല്‍ഹിയില്‍ പത്തുവയസുകാരിയെ മദ്രസയില്‍ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റു ചെയ്ത മദ്രസയിലെ മൗലവിയുടെ വീടിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാവിലെ വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചെത്തിയ ഒരുകൂട്ടം അക്രമികള്‍ വീട് ആക്രമിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് മൗലവിയെ അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച 17കാരനെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ മദ്രസയില്‍ എത്തിച്ചത് മൗലവിയുടെ അറിവോടെയായിരുന്നോ എന്ന് പരിശോധിക്കാനാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.
Also Read: മലയാളിയുടെ കപടസദാചാരബോധങ്ങൾക്ക് നേരെ കണ്ണുതുറന്ന് അങ്കിൾ
മൗലവിയുടെ 25കാരിയായ ഭാര്യയും മക്കളും നാലുദിവസം മുമ്പ് വീടുവിട്ട് ഭാര്യവീട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച വീടിനുമുമ്പിലെത്തിയ ജനക്കൂട്ടം പ്രധാന കവാടം തകര്‍ക്കുകയും വീട് ആക്രമിക്കുകയുമായിരുന്നു.
“പതിനൊന്നുമണിക്കാണ് സംഭവം. വീടിനടുത്തുള്ള എന്റെ സ്വന്തം വീട്ടില്‍ ഞാന്‍ നിസ്‌കരിക്കുകയായിരുന്നു. എന്റെ ഭര്‍ത്താവ് നിരപരാധിയാണ്. പക്ഷേ ചില മാധ്യമങ്ങളും ചിലയാളുകളും അദ്ദേഹത്തെ കുറ്റവാളിയായി ചിത്രീകരിക്കുകയാണ്.” മൗലവിയുടെ ഭാര്യ പറഞ്ഞു.
“സ്ത്രീകള്‍ ഉള്‍പ്പെടെ 100ഓളം പേരാണ് മൗലവിയുടെ വീടിനുമുമ്പില്‍ കൂടിയത്. പുതിയ പാര്‍ട്ടിയായ അജയ് ശിവസേന അംഗങ്ങളാണ് തങ്ങളെന്നാണ് ഇവരുടെ അവകാശവാദം. മദ്രസയില്‍ പൊലീസുണ്ടായിരുന്നു. ഞങ്ങള്‍ മൗലവിയുടെ കുടുംബത്തിന് സുരക്ഷ നല്‍കുന്നുണ്ടായിരുന്നു.” സാഹിബാബാദ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ രാകേഷ് കുമാര്‍ സിങ് പറഞ്ഞു.
എന്നാല്‍ തങ്ങള്‍ക്ക് ഇവിടെ തുടരാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് മൗലവിയുടെ ഭാര്യ പറയുന്നത്. “അഞ്ചുമാസം മുമ്പാണ് ഞങ്ങള്‍ ഈ വീട് നിര്‍മ്മിച്ചത്. അഞ്ചുവര്‍ഷമായി ഞങ്ങള്‍ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഭര്‍ത്താവാണ് മദ്രസ സ്ഥാപിച്ചത്. പൊലീസ് മദ്രസയിലെത്തി കുട്ടിയെ അവിടെ നിന്നും എടുക്കുമ്പോള്‍ എന്റെ ഭര്‍ത്താവ് അവിടെ അടുത്തൊന്നുമുണ്ടായിരുന്നില്ല.” ഭാര്യ പറയുന്നു.
സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പുവരെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം തങ്ങളുടെ വീടിന് അടുത്തായിരുന്നു താമസിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. “ഇതുവരെ യാതൊരു വിവേചനവുമുണ്ടായിട്ടില്ല. ഈ സംഭവം നടന്നശേഷം ഹിന്ദു അയല്‍ക്കാരൊന്നും ഇതിനെക്കുറിച്ച് ഒരു വാക്കുപോലും ഞങ്ങളോട് ചോദിച്ചിട്ടില്ല. മൗലവി പുറത്തുവന്നാല്‍ ജീവിക്കാന്‍ വിടില്ലെന്ന് ഇന്ന് ആളുകള്‍ മുദ്രാവാക്യം വിളിക്കുന്നു. അദ്ദേഹത്തിനെ തെരുവിലിട്ട് കത്തിക്കുമെന്നും. എങ്ങനെയാണ് ഞങ്ങള്‍ക്കിവിടെ ജീവിക്കാന്‍ കഴിയുക?” അവര്‍ ചോദിക്കുന്നു.