ഒമ്പതാം ക്ലാസുകാരിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; സ്റ്റേഷനിലെത്തിയപ്പോള്‍ പരാതി പൊലീസ് കീറിയെറിഞ്ഞുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
national news
ഒമ്പതാം ക്ലാസുകാരിയെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; സ്റ്റേഷനിലെത്തിയപ്പോള്‍ പരാതി പൊലീസ് കീറിയെറിഞ്ഞുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd August 2021, 9:01 am

ഗാസിയാബാദ്: ദല്‍ഹിയില്‍ പതിനാലുകാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ദല്‍ഹിയിലെ ഫ്‌ളാറ്റില്‍ വെച്ചാണ് പീഡിപ്പിച്ചത്. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ നാലാമത്തെയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. 20-25 വയസ് പ്രായമുള്ളവരാണ് ഇവര്‍ നാലുപേരും.

പെണ്‍കുട്ടിയുടെ സുഹൃത്ത് ഡ്രൈവിന് പോകാനെന്ന വ്യാജേനെ കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയും മറ്റുള്ളവരോടൊപ്പം ചേര്‍ന്നു പീഡിപ്പിക്കുകയുയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയുടെ അച്ഛനാണ് പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ പരിചയമുണ്ടായിരുന്ന കരണ്‍ എന്ന യുവാവ് ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ വിളിക്കുകയും അടുത്തുള്ള പാര്‍ക്കില്‍ വെച്ച് സുഹൃത്തുക്കളാണെന്ന് പറഞ്ഞുകൊണ്ട് മൂന്ന് പേരെ പരിചയപ്പെടുത്തുകയുമായിരുന്നു. ഗോലു, ലെഫ്റ്റി, സുരാജ് എന്നാണ് ഇവരുടെ പേരുകള്‍ പരാതിയില്‍ നല്‍കിയിരിക്കുന്നത്.

എല്ലാവരും കൂടി കാറില്‍ എവിടെയെങ്കിലും പോയി വരാമെന്ന് കരണ്‍ പറയുകയും ഇവര്‍ യാത്രക്ക് പോകുകയുമായിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ കൊണ്ടലി ഭാഗത്തുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

തിരിച്ച് കുട്ടിയെ വീടിനടുത്ത് ഇറക്കിവിട്ട ഇവര്‍ വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടി മാതാപിതാക്കളോട് കാര്യം പറയുകയും ഇവര്‍ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

അതേസമയം പരാതി സ്വീകരിക്കാന്‍ പൊലീസ് ആദ്യ ഘട്ടത്തില്‍ തയ്യാറായില്ലെന്നും പരാതിയിലെ ഒരാളുടെ പേര് ഒഴിവാക്കണമെന്ന് പറഞ്ഞുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

‘പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവര്‍ ആദ്യ രണ്ട് തവണയും പരാതി കീറിക്കളഞ്ഞു. പലതവണ പരാതി സ്വീകരിക്കാതെ ഞങ്ങളെ മടക്കിയയച്ചു. പിന്നീട് മേലുദ്യോഗസ്ഥരുടെ അടുത്ത് പരാതിയുമായി ചെന്നപ്പോഴാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനായത്,’ ബന്ധു പറഞ്ഞു.

പീഡനപ്പരാതിയും പൊലീസിനെതിരെയുള്ള പരാതിയും അന്വേഷിച്ചു വരികയാണെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ദല്‍ഹി പൊലീസ് അറിയിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ghaziabad girl, 14, raped by 4 men in Delhi, Local police did not register FIR in first stage