ന്യൂദല്‍ഹി: ഗാസിയാബാദില്‍ നാല് യുവാക്കളെ വ്യാജഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ നാല് പൊലീസുകാര്‍ക്ക് ജീവപര്യന്തം. പ്രത്യേക സി.ബി.ഐ കോടതിയുടേതാണ് വിധി.
ഭോജ്പൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ, സബ് ഇന്‍സ്‌പെക്ടര്‍, 2 കോണ്‍സ്റ്റബിളുമാര്‍ എന്നിവര്‍ക്കാണ് ശിക്ഷ. രണ്ടു ദശകം നീണ്ട വിചാരണകള്‍ക്കൊടുവിലാണ് കുറ്റക്കാരെ കോടതി ശിക്ഷിച്ചത്. കേസിലെ അഞ്ചാംപ്രതി വിചാരണക്കിടെ മരണപ്പെട്ടിരുന്നു.
1996 നവംബര്‍ 8നായിരുന്നു കേസിനാസ്പദമായ സംഭവം. നിര്‍ധന കുടുംബത്തില്‍ പെട്ട നാലു ചെറുപ്പക്കാരെ ക്രിമിനലുകളെന്നാരോപിച്ച് പിടിച്ചുകൊണ്ടുപോകുകയും മര്‍ദിച്ചതിന് ശേഷം വെടിവെച്ച് കൊല്ലുകയുമായിരുന്നു.
Read more: ബി.ജ.പി യു.പിയില്‍ അധികാരത്തിലെത്തിയാല്‍ സംവരണം എടുത്തുകളയും; ദളിതരെ വേട്ടയാടും: മായാവതി
ജലാലുദ്ദിന്‍, ജസ്ബീര്‍, അശോക്, പ്രവേശ് എന്നവരെയാണ് പൊലീസുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നത്. പ്രദേശത്തെ ടായക്കടയില്‍ ഇരിക്കുന്നതിനിടെയാണ് പൊലീസെത്തി ഇവരെ പിടിച്ചുകൊണ്ടു പോയത്. ജീപ്പില്‍ കൊണ്ടുപോകും നേരം പൊലീസിന് നേരെ ഇവര്‍ വെടിവെച്ചെന്ന് പറഞ്ഞായിരുന്നു പൊലീസ് ഇവരെ കൊലപ്പെടുത്തിയത്.
കേസില്‍ ആദ്യം അന്വേഷണം നടത്തിയ ഹാപൂര്‍ പൊലീസ് പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.
ഫോറന്‍സിക് പരിശോധനയില്‍ പൊലീസുകാര്‍ കള്ളം പറയുകയാണെന്ന് വ്യക്തമായിരുന്നു. 1997 ഏപ്രില്‍ 7നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.