| Thursday, 13th June 2024, 11:54 am

ഗസ എന്ന് മകന് പേരിട്ട് ഗായകൻ അലോഷി; ഒരായിരം നിഷ്കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളില്‍ മരിച്ചുവീണ കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഗസല്‍ ഗായകന്‍ അലോഷി ആദംസ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച അലോഷിയുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തന്റെ കുഞ്ഞിന് ‘ഗസ’ എന്ന് നാമകരണം ചെയ്തുകൊണ്ടാണ് അലോഷി അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്. ഒരായിരം നിഷ്‌കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേരാണ് മകന് നല്‍കിയിരിക്കുന്നതെന്ന് അലോഷി പറഞ്ഞു.

‘എനിക്കും ജിഷക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു… അവനെ ഞങ്ങള്‍ ഗസ എന്ന് വിളിക്കുന്നു. ഒരായിരം നിഷ്‌കളങ്ക ബാല്യങ്ങളുടെ ചോരവീണ് പൊള്ളിയ മണ്ണിന്റെ പേരാണ് അവന്,’ എന്നാണ് അലോഷി ആദംസ് കുറിച്ചത്.

പോസ്റ്റിന് പിന്നാലെ നിരവധി ആളുകളാണ് അലോഷി ആദംസിന് കമന്റുകളിലൂടെ പിന്തുണ നല്‍കിയത്. മകന് ഇതൊരു അഭിമാന നിമിഷമെന്നാണ് പ്രതികരണം. ഗസ ഗസല്‍ പോലെ വളരണമെന്ന് ആശംസിക്കുമ്പോഴും ഫലസ്തീനിലെ കുഞ്ഞുങ്ങളെ ഓര്‍ത്ത് ദുഃഖമുണ്ടെന്നും ഒരാള്‍ പ്രതികരിച്ചു.

ഗസലിലൂടെയും വിപ്ലവഗാനങ്ങളിലൂടെയും തന്റെ നിലപാടുകള്‍ സമൂഹത്തിന് മുന്നില്‍ പ്രകടിപ്പിക്കുന്ന ഗായകനാണ് അലോഷി. ഇപ്പോള്‍ ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ തന്റെ നിലാപാട് ശക്തമായി പ്രകടിപ്പിച്ച് സമൂഹത്തിന് മറ്റൊരു സന്ദേശം കൂടി അദ്ദേഹം നല്‍കുകയാണ്.

മനുഷ്യരാശിയിലെ ഏറ്റവും നീചമായ അതിക്രമങ്ങളാണ് ഫലസ്തീന്‍ ജനത ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇസ്രഈലിന്റെ സൈന്യത്തിന്റെ വെടിയുണ്ടകള്‍ നെഞ്ചിലേറ്റിയിട്ടും ചെറുത്തുനില്‍പ്പ് അവസാനിപ്പിക്കാത്തവരാണ് ഫലസ്തീനികള്‍.

ചരിത്രത്തെ പൊളിച്ചെഴുതി ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാര്‍ ഇസ്രഈലിനെ തോളിലേറ്റിയപ്പോള്‍ രാജ്യത്തെ വിദ്യാര്‍ത്ഥി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും കല-കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഗസയിലെ വെടിനിര്‍ത്താലിനായി ശബ്ദമുയര്‍ത്തി.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചിന് നെതന്യാഹുവില്‍ വെടിനിര്‍ത്താലിനായി സമ്മര്‍ദം ചെലുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യന്‍ ജനത ആവശ്യപ്പെട്ടു.

‘ഓള്‍ ഐസ് ഓണ്‍ റഫ’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനിലൂടെ 40 മില്യണിലധികം ആളുകള്‍ ഇസ്രഈലിന്റെ അതിക്രമങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരത്തില്‍ കുഞ്ഞുങ്ങളെ കൊന്നൊടുക്കരുതെന്ന് ക്യാമ്പയിനിലൂടെ ലോക ജനത ആവശ്യപ്പെട്ടു.

എന്നാല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവും യു.എന്നിന്റെയും അമേരിക്കയുടെയും മുന്നറിയിപ്പും മറികടന്ന് ഐ.ഡി.എഫ് ഗസയില്‍ ആക്രമണം തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 15,694 കുട്ടികളാണ് ഗസയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

Content Highlight: Ghazal singer Aloshi Adams stands in solidarity with children killed in Israeli attacks in Gaza

We use cookies to give you the best possible experience. Learn more