| Wednesday, 18th March 2015, 9:19 am

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നില്‍ ഘര്‍ വാപസി: ആരോപണവുമായി ന്യൂനപക്ഷ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തസംഭവത്തിനു “ഘര്‍ വാപസി” അല്ലെങ്കില്‍ മതപരിവര്‍ത്തന വിഷയവുമായി ബന്ധമുണ്ടെന്നനു സംശയിക്കുന്നതായി പശ്ചിമബംഗാള്‍ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രഫസര്‍ മരിയ ഫെര്‍ണാണ്ടസ്. സംഭവം നടന്ന റാണാഘട്ട് സന്ദര്‍ശിച്ചശേഷമാണ് അവര്‍  ഇങ്ങനെ അഭിപ്രായപ്പെട്ടത്.

” മോഷണം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെങ്കില്‍ അവിടെയുണ്ടായിരുന്നത് ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമായിരുന്നെന്നാണ് സിസ്റ്റര്‍മാര്‍ എന്നോട് പറഞ്ഞത്. 12 ലക്ഷമെന്നും 6 ലക്ഷമെന്നും വെറുതെ പറയുകയാണ്. സിസ്റ്റര്‍മാര്‍ എന്നോട് പറഞ്ഞത് ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നാണ്.” അവര്‍ വ്യക്തമാക്കി.

“രണ്ടാമതായി ആക്രമണം നടക്കുന്ന സമയത്ത് അവിടെ യുവതികളായ കന്യാസ്ത്രീകള്‍ മുഴുവന്‍ ഉണ്ടായിരുന്നു. അവര്‍ ഇവരെയെല്ലാം ഒരു മുറിയില്‍ പൂട്ടിയിട്ടു. അവര്‍ അമ്മയെപ്പോലെ കരുതിയ മുതിര്‍ന്ന കന്യാസ്ത്രീയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല. ”

“അതേസമയം തന്നെ ഇവര്‍ പ്രാര്‍ത്ഥനാ സ്ഥലത്തേക്ക് പോയി അവിടെയുണ്ടായിരുന്ന പ്രതിമയും പവിത്രസ്ഥാനങ്ങളും നശിപ്പിച്ചിട്ടുണ്ട്. എന്തിനാണവര്‍ സര്‍വ്വസ്വത്തും നശിപ്പിച്ചത്? നിങ്ങള്‍ക്കു തോന്നുന്നില്ലേ ഇത് ഘര്‍ വാപസി കഥയുടെ ഭാഗമാണെന്ന്?” അവര്‍ ചോദിക്കുന്നു.

തിങ്കളാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ മുഖ്യമന്ത്രിയുടെ സംഘത്തെ തടയുകയായിരുന്നു. ബി.ജെ.പിയും സി.പി.ഐ.എം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് മമത പ്രതികരിച്ചത്. എന്നാല്‍ പ്രദേശവാസികള്‍ ഇതു നിഷേധിച്ചിട്ടുണ്ട്.

ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ക്രിമിനലുകളെ പിടിക്കാന്‍ അവര്‍ എന്താണ് ചെയ്തതെന്നാണ് മുഖ്യമന്ത്രിയില്‍ നിന്നും അറിയേണ്ടത്. പക്ഷേ അവര്‍ രാഷ്ട്രീയ നിറം കൊടുക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ ഒരു രാഷ്ട്രീയ  പാര്‍ട്ടിയേയും പിന്തുണയ്ക്കില്ലെന്നും അവര്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട ഒരാളെപ്പോലും പിടികൂടാന്‍ പോലീസിനു സാധിക്കാത്തതാണ് ജനരോഷത്തിനു കാരണം. പ്രതികള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍ ഉറവിടങ്ങള്‍. റാണാഘട്ടില്‍ നിന്നും വെറും 35 കിലോമീറ്റര്‍ അകലെയാണ് ബംഗ്ലാദേശ്.

We use cookies to give you the best possible experience. Learn more