ഘര്‍ വാപസി: വി.എച്ച്.പിയുടെ അവകാശവാദം പൊളിയുന്നു, കോട്ടയത്തും മതംമാറ്റിയവരില്‍ ഹിന്ദുമത വിശ്വാസികള്‍
Daily News
ഘര്‍ വാപസി: വി.എച്ച്.പിയുടെ അവകാശവാദം പൊളിയുന്നു, കോട്ടയത്തും മതംമാറ്റിയവരില്‍ ഹിന്ദുമത വിശ്വാസികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th December 2014, 12:02 pm

gar-vapasiകോട്ടയം: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് മതംമാറ്റിയവരില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളെ തന്നെയെന്ന് റിപ്പോര്‍ട്ട്. ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ക്രൈസ്തവ മതവിശ്വാസം ഉപേക്ഷിച്ചവരാണെന്നും ഹിന്ദുമത ആചാരങ്ങള്‍ പിന്തുടര്‍ന്ന് പോന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിശ്രവിവാഹം ചെയ്തവരും ചടങ്ങില്‍ പങ്കെടുത്തു. ചേപ്പാട് നടന്ന മതപരിവര്‍ത്തന ചടങ്ങുകളില്‍ പങ്കെടുത്തവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഹിന്ദുമതം സ്വീകരിച്ചവരാണെന്നുള്ളതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

90 ശതമാനത്തോളം ദളിതരാണ് കോട്ടയത്തും പൊന്‍കുന്നത്തുമായി നടന്ന മതപരിവര്‍ത്തന ചടങ്ങുകളില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ജോലി, പിന്നോക്കക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നീ വാഗ്ദാനങ്ങളാണ് ഇവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍

വര്‍ഷങ്ങളായി മതവിശ്വാസം ഉപേക്ഷിച്ചവരും മതപരിവര്‍ത്തന ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. 1992 ല്‍ ഹിന്ദുമതം സ്വീകരിക്കുകയും നിലവില്‍ കെ.പി.എം.സി ശാഖാ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബാബുവിനെയുള്‍പ്പെടെയായിരുന്നു ചേപ്പാടിലെ മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നത്.

ചെറുപ്പത്തില്‍ തന്നെ വിശ്വാസം ഉപേക്ഷിച്ച് ഒരു വിശ്വാസത്തിലുമില്ലാതെ കഴിഞ്ഞിരുന്ന ശാന്തമ്മയെയും 14 വര്‍ഷം മുമ്പ് മിശ്രവിവാഹിതനായതോടെ വിശ്വാസം ഉപേക്ഷിച്ച ജോര്‍ജ്ജിനെയും ഉള്‍പ്പെടെയുള്ളവരെയാണ് കോട്ടയത്ത് മതപരിവര്‍ത്തനം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ചാനലാണ് കോട്ടയത്തെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്