അഫ്ഗാനില്‍ ഐക്യസര്‍ക്കാര്‍: അഷ്‌റഫ് ഗനി പുതിയ പ്രസിഡന്റാവും
Daily News
അഫ്ഗാനില്‍ ഐക്യസര്‍ക്കാര്‍: അഷ്‌റഫ് ഗനി പുതിയ പ്രസിഡന്റാവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2014, 1:49 am

afghan[] കാബൂള്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് അഫ്ഗാനിസ്ഥാനില്‍ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചു.  മുന്‍ ധനമന്ത്രി ഡോ. അഷ്‌റഫ് ഗനി അഹമ്മദ് സായിയാണ് പുതിയ അഫ്ഗാന്‍ പ്രസിഡന്റ്.

ഗനിയെ പ്രസിഡന്റായി പ്രഖ്യാപിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ മേധാവി അഹ്മദ് യൂസഫ് നൂരിസ്ഥാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ത്ഥി അബ്ദുള്ള അബ്ദുള്ളയുമായി അധികാര വിഭജന കരാറില്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് ഗനിയെ പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജൂണ്‍ 14ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നെങ്കിലും കൃത്രിമത്വം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫലപ്രഖ്യാപനം നിര്‍ത്തി വെക്കുകയായിരുന്നു.

ഇരു വിഭാഗവും തമ്മിലുള്ള കരാര്‍ പ്രകാരം പ്രധാനമന്ത്രിയുടെ അധികാരമുള്ള ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറെ (സി.ഇ.ഒ) പ്രഖ്യാപിക്കാനുള്ള ചുമതല എതിര്‍ സ്ഥാനാര്‍ഥി അബ്ദുള്ള അബ്ദുള്ളക്കാണ്. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് പുതിയ ഭരണനേതൃത്വത്തില്‍ എത്തിയിരിക്കുന്നതെന്ന് മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി പറഞ്ഞു.

അതേസമയം അഫ്ഗാനിലെ കാണ്ഡഹാര്‍, സബൂള്‍, ലൊഗര്‍, ഗാസനി എന്നീ പ്രവിശ്യകളില്‍ അഫ്ഗാന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തില്‍ 51 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.