വല്ലാത്തൊരു തിരിച്ചടി, അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിട്ടും രക്ഷയില്ല; ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡ് ഇവന്‍ കൊണ്ടുപോയി
Cricket
വല്ലാത്തൊരു തിരിച്ചടി, അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിട്ടും രക്ഷയില്ല; ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡ് ഇവന്‍ കൊണ്ടുപോയി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th March 2024, 2:57 pm

ഉഗാണ്ട-ഘാന ടി-20 മത്സരത്തില്‍ ഉഗാണ്ടയ്ക്ക് 121 റണ്‍സിന്റെ കൂറ്റന്‍ വിജയം. മത്സരത്തില്‍ ഘാനക്കായി നായകന്‍ ഒബെഡ് ഹാര്‍വി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ടീം പരാജയപ്പെടുകയായിരുന്നു. നാലു ഓവറില്‍ 36 റണ്‍സ് വിട്ടു നല്‍കിയതാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് ഘാന താരത്തെ തേടിയെത്തിയത്.

ടി-20യില്‍ ഒരു മത്സരത്തില്‍ ഒരു താരം അഞ്ച് വിക്കറ്റുകള്‍ നേടിയിട്ടും ടീം ഏറ്റവും വലിയ റണ്‍സിന് പരാജയപ്പെടുന്നുവെന്ന മോശം നേട്ടമാണ് ഹാര്‍വി സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ ആയിരുന്നു. 2016 ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ മുസ്തഫിസുര്‍ അഞ്ച് വിക്കറ്റുകള്‍ നേടിയിട്ടും ബംഗ്ലാദേശ് 75 റണ്‍സിന് പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഉഗാണ്ട 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ഉഗാണ്ടക്കായി സൈമണ്‍ സെസാഫി 50 പന്തില്‍ 90 റണ്‍സും റോജര്‍ മുഖസ 51 പന്തില്‍ 69 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ ഉഗാണ്ട കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. ഒമ്പത് ഫോറുകളും നാല് സിക്‌സുകളും ആണ് സൈമണ്‍ നേടിയത് മറുഭാഗത്ത് അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് റോജര്‍ അടിച്ചെടുത്തത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗാന 16 ഓവറില്‍ 73 റണ്‍സിന് പുറത്താവുകയായിരുന്നു. ഉഗാണ്ടയുടെ ബൗളിങ്ങില്‍ ജുമാ മിയാഗി മൂന്ന് വിക്കറ്റും ഹെന്റി സെനിയാണ്ടോ, കെന്നത്ത് വൈശ്യ രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഘാനയുടെ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.

ഘാനയുടെ ബാറ്റിങ്ങില്‍ റിച്ച്മണ്ട് ബാലേരി 36 പന്തില്‍ 27 റണ്‍സും റെക്‌സ്‌ഫോര്‍ഡ് ബാഗം 23 പന്തില്‍ 20 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്ക് ഒന്നും 20ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Ghana cricket player Obed Harvey create a unwanted record in T20