| Friday, 25th November 2022, 11:31 am

'പോര്‍ച്ചുഗലിന്റേത് ഭാഗ്യ ജയം, തോല്‍വിയിലും ജയിച്ചത് ഘാന'; വിലയിരുത്തലുമായി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഘാനയെ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ ഫെലിക്സ്, റാഫേല്‍ ലിയോ എന്നിവരാണ് ഗോളടി യജ്ഞത്തില്‍ പങ്കാളികളായത്.

ആദ്യ പകുതിയില്‍ പറങ്കിപ്പട ആധിപത്യം പുലര്‍ത്തിയെങ്കിലും രണ്ടാം പാദത്തില്‍ ഘാന അടക്കിവാഴുന്ന മുഹൂര്‍ത്തങ്ങള്‍ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

പെനാല്‍ട്ടി മുതലാക്കി റൊണാള്‍ഡോ ഗോള്‍ നേടിയതിന് പിന്നാലെ അടിയും തിരിച്ചടിയുമായി മത്സരം കൊഴുക്കുകയായിരുന്നു. പെനാല്‍ട്ടിക്ക് മറുപടിയായി അധികം വൈകാതെ തന്നെ ഘാനെയുടെ ആന്ദ്രേ അയൂ തിരിച്ചടിക്കുകയായിരുന്നു.

അഞ്ച് മിനിട്ടില്‍ തന്നെ പോര്‍ച്ചുഗലിന്റെ മറുപടിയുമെത്തി. റാഫേല്‍ ലെയോക്ക് തിരിച്ചടിയായി ഘാന ഒരെണ്ണം കൂടി മടക്കി. ഒസ്മാന്‍ ബുകാരിയുടെ ഗോളായിരുന്നു അത്.

ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം സമനില പിടിക്കാനുള്ള സുവര്‍ണ്ണാവസരം ഘാന താരം പാഴാക്കിയതോടെ വിജയം പോര്‍ച്ചുഗലിന് ഒപ്പം നിന്നു. ഇതോടെ ഖത്തര്‍ ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി ഘാന മാറി.

അവസാന നിമിഷം വരെ ആത്മവിശ്വാസം കൈവിടാതെ കളിച്ച ഘാനയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. പോര്‍ച്ചുഗലിന്റേത് ഭാഗ്യം തുണച്ച ജയമാണെന്നും മത്സരത്തിന്റെ അവസാനം വരെ പൊരുതി കളിച്ചത് ഘാനയാണെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.

ഘാന നേടിയ രണ്ട് ഗോളുകള്‍ക്കും അതിന്റെ മൂല്യമുണ്ടായിരുന്നെന്നും തോല്‍വിയിലും വിജയികളായത് ഘാനയാണെന്നും ആരാധകര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഖത്തര്‍ ലോകകപ്പില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തുടര്‍ച്ചയായ അഞ്ച് ഫുട്‌ബോള്‍ ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.

2006ല്‍ ഇറാനെതിരെ തുടങ്ങിയ ഗോള്‍ വേട്ട ഖത്തറിലും തുടരുകയാണ് റൊണാള്‍ഡോ. ഇതിന് മുമ്പ് വനിതാ ലോകകപ്പില്‍ ബ്രസീല്‍ താരം മാര്‍ത്ത, കനേഡിയന്‍ താരം ക്രിസ്റ്റീന്‍ സിംഗ്ലര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്.

അടുത്തിടെ കോണ്‍ഫറന്‍സ് ലീഗില്‍ ഗോള്‍ നേടി 700 ഗോളുകള്‍ പൂര്‍ത്തിയാക്കുന്ന താരം എന്ന നേട്ടവും റൊണാള്‍ഡോ കരസ്ഥമാക്കിയിരുന്നു.
അഞ്ച് ലോകകപ്പുകളിലായി എട്ട് ഗോളുകള്‍ ആണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. അതില്‍ തന്നെ നാലെണ്ണം 2018 ലോകകപ്പിലായിരുന്നു.

Content Highlights: Ghana could have won this game with more bravery, says fans

Video Stories

We use cookies to give you the best possible experience. Learn more