| Tuesday, 18th April 2017, 11:07 am

പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. യു.എ.പി.എ ചുമത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചില്ലെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ട്.

പൊലീസ് രജിസ്റ്റര്‍ ചെയ്ത 42 കേസുകളില്‍ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് ഡി.ജി.പി നേതൃത്വത്തിലുള്ള പരിശോധനാ സമിതി കണ്ടെത്തി. 2012 മുതല്‍ യു.എ.പി.എ ചുമത്തപ്പെട്ട 162 കേസുകളാണ് സമിതി പരിശോധിച്ചത്.

തീവ്രവാദ കേസുകളില്‍ ചുമത്തുന്ന യു.എ.പി.എ ദുരുപയോഗം ചെയ്തു. കേസുകളില്‍ യു.എ.പി.എ ചുമത്തണമെങ്കില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടില്‍ ഡി.ജി.പി ശിപാര്‍ശ ചെയ്യുന്നു.

തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ചെയ്തവര്‍ക്കും സര്‍ക്കാറിനെതിരെ വിമര്‍ശനമുന്നയിച്ചവര്‍ക്കും മനുഷ്യാവകാശസാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെയെല്ലാം യു.എ.പി.എ ചുമത്തപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ യു.എ.പി.എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.


Dont Miss മാണിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് എം.എം ഹസ്സന്‍


ഡി.ജി.പി പരിശോധിച്ച് യു.എ.പി.എ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ 42 കേസുകളില്‍ കോടതിയില്‍ വകുപ്പ് ഒഴിവാക്കാന്‍ റിപ്പോര്‍ട്ട് നല്‍കും. ഇതില്‍ എഴുത്തുകാരനായ കമല്‍ സി ചാവറയ്ക്കെതിരെ ചുമത്തിയ യു.എ.പി.എ, രാജ്യദ്രോഹ കേസുകള്‍ നിലനില്‍ക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ ഒട്ടിച്ച പോരാട്ടം പ്രവര്‍ത്തകര്‍, എഴുത്തുകാരന്‍ കമല്‍സി ചവറ, സാമൂഹിക പ്രവര്‍ത്തകന്‍ നദീര്‍, കൊച്ചിയിലെ നീറ്റാ ജലാറ്റിന്‍ ആക്രമിച്ച കേസിലെ പ്രതികള്‍ എന്നിവര്‍ക്കെതിരെയെല്ലാം യു.എ.പി.എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

യു.എ.പി.എ ചുമത്തപ്പെട്ട കേസുകളില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതികള്‍ക്ക് ആക്ഷേപങ്ങള്‍ ഉന്നയിക്കാനുളള അവസരവും നല്‍കുമെന്നും നേരത്തെ ഡി.ജി.പി പറഞ്ഞിരുന്നു.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത് വിവാദമായിരുന്നു.
യു.എ.പി.എ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഒരു കേസിലും യുഎപിഎ ചുമത്തരുതെന്നു ഡിജിപിയും പൊലീസ് ഉന്നതതല യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more