| Sunday, 14th July 2019, 6:16 pm

ഗോവയില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ തീരുമാനിച്ച ബി.ജെ.പിയെ വേണ്ട; പിരിയുന്നത് ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ച പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനജി: ഗോവയില്‍ ഒറ്റയ്ക്കു ഭരിക്കാന്‍ സഖ്യകക്ഷികളെ ഒഴിവാക്കാനാരംഭിച്ച ബി.ജെ.പിക്കെതിരെ സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി). ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ തങ്ങള്‍ അവസാനിപ്പിക്കുന്നതായി പാര്‍ട്ടി പ്രസിഡന്റ് വിജയ് സര്‍ദേശായ് ഇന്ന് അറിയിച്ചു.

ഗവര്‍ണര്‍ മൃദുല സിന്‍ഹക്കയച്ച കത്തിലാണ് സര്‍ദേശായ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ തീരുമാനം ഐക്യകണ്‌ഠേനയാണെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നുള്ള 10 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കു കഴിഞ്ഞദിവസം എത്തിയതോടെ അവര്‍ക്ക് ഒറ്റയ്ക്കു സര്‍ക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷമായിരുന്നു. നാല്‍പ്പതംഗ നിയമസഭയില്‍ 21 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. 10 പേരുടെ വരവോടെ 27 സീറ്റായ ബി.ജെ.പി മന്ത്രിപദവിയിലുണ്ടായിരുന്ന ജി.എഫ്.പിയുടെ മൂന്നുപേരോടും ഒരു സ്വതന്ത്രനോടും രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

പകരം കോണ്‍ഗ്രസില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും മന്ത്രിപദവി നല്‍കി. ഈ നീക്കമാണ് സഖ്യകക്ഷികളെ ചൊടിപ്പിച്ചത്.

സര്‍ദേശായ് ഇരുന്ന ഉപമുഖ്യമന്ത്രിക്കസേരയില്‍ ഇനി മുന്‍ പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറായിരിക്കും. കാവ്‌ലേക്കര്‍ക്കു പുറമേ കോണ്‍ഗ്രസില്‍ നിന്നെത്തിയ ജെന്നിഫര്‍ മോണ്‍സെറാറ്റ്, ഫിലിപ്പെ നെറി റോഡ്രിഗസ്, ബി.ജെ.പി അംഗവും ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോ എന്നിവര്‍ക്കാണ് മന്ത്രിപദവി ഇന്നലെ നല്‍കിയത്.

സര്‍ദേശായിക്കു പുറമേ രോഹന്‍ ഖോണ്ടെ, വിനോദ് പാലിയെന്‍സര്‍, ജയേഷ് സലോംഗകര്‍ എന്നിവര്‍ക്കാണു മന്ത്രിപദവി നഷ്ടപ്പെട്ടത്. രാജിവെയ്ക്കാന്‍ഡ ഇവരോട് ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും വിസ്സമതിച്ചിരുന്നു.

2017-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 17 പേരോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പി സഖ്യകക്ഷികളോടൊപ്പം സര്‍ക്കാരുണ്ടാക്കുകയായിരുന്നു. ജി.എഫ്.പിക്ക് മൂന്ന് എം.എല്‍.എമാരാണുള്ളത്.

We use cookies to give you the best possible experience. Learn more