അമൃത്സര്‍: ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടെ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പാര്‍ട്ടിയിലെ തര്‍ക്കപരിഹാരത്തിനായി ഹൈക്കമാന്റ് നിയോഗിച്ച മൂന്നംഗസമിതിയെ കണ്ട ശേഷമായിരുന്നു അമരീന്ദറിന്റെ പ്രതികരണം.
2022 ലാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിനിടെ പാര്‍ട്ടിക്കുള്ളില്‍ അമരീന്ദര്‍ സിംഗ്-നവ്‌ജ്യോത് സിംഗ് സിദ്ധു തര്‍ക്കം രൂക്ഷമായിരുന്നു. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്റ് ഇടപെട്ടത്.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരിഷ് റാവത്ത്, മുന്‍ എം.പി ജെ.പി അഗര്‍വാള്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍.
സഖ്യമില്ലാതെ തന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ബി.ജെ.പി- അകാലിദള്‍ കൂട്ടുകെട്ടിന്റെ 10 വര്‍ഷത്തെ ഭരണം തകര്‍ത്താണ് അമരീന്ദറിന്റെ നേതൃത്വത്തില്‍ 2017ല്‍ പഞ്ചാബില്‍ അധികാരം നേടുന്നത്. പഞ്ചാബിലെ പ്രശ്‌നങ്ങള്‍ ഏതുവിധേനെയും പരിഹരിക്കണമെന്ന ഉറച്ച നിലപാടിലാണ് ദേശീയ നേതൃത്വം.
അമരീന്ദര്‍ സിംഗിനെതിരെ വിവിധ പരാതികളാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാരില്‍ ദളിതുകള്‍ക്ക് ആവശ്യമായ പ്രാതിനിധ്യമില്ലെന്നും മുഖ്യമന്ത്രിയെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം ലഭിക്കുന്നില്ലെന്നുമാണ് ഒരു ആരോപണം.
2015ല്‍ ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ച സംഭവത്തിലെ കുറ്റവാളികളെ പിടികൂടാനോ പിന്നീട് സമാധാനപരമായി നടന്ന പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തിയതില്‍ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നും വിമര്‍ശനങ്ങളുണ്ട്.