എവിടെയെങ്കിലും ചടഞ്ഞിരിക്കാതെ എപ്പോഴും ആക്ടീവായിരിക്കുന്നതും വ്യായാമം ചെയ്യുന്നതും നമ്മുടെ മനസ്സിനും ശരീരത്തിനും വളരെയധികം ഉന്മേഷം നല്‍കും. അതുപോലെ ദിവസേനെയുള്ള വ്യായാമം പ്രായമായവരിലെ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കയില്‍ നിന്നുള്ള പുതിയ പഠനങ്ങള്‍ പറയുന്നത്.
അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനത്തിലാണ് പ്രായമയവരിലെ ഓര്‍മ്മശക്തി നിലനിര്‍ത്തുന്നതില്‍ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത്.
പ്രായം കൂടുന്തോറും നമ്മുടെ ഓര്‍മ്മ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കും. ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക തുടങ്ങിയ ദിവസേനെ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വരെ പ്രായമാകുന്നതോടെ ചിലര്‍ മറന്നു പോയേക്കാം. ഇത്തരത്തിലുള്ള ചെറു മറവികള്‍ പലരെയും മറവി രോഗത്തിലേക്ക് വരെ തള്ളിവിടാമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.
അതുകൊണ്ടുതന്നെ വ്യായാമങ്ങളിലൂടെ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാമെന്നത് പ്രായമായവരെ സംബന്ധിച്ചിടത്തോളം വളരെ അനുഗ്രഹമാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയിലെ ഡോക്ടറും അല്‍ഷിമേഴ്‌സ് രോഗവുമായി ബന്ധുപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ന്യൂ ഗൈഡ്‌ലൈനിലെ കോളമിസ്റ്റുമായ ഡോ. റൊണാള്‍ഡ് പെറ്റേര്‍സണ്‍ പറയുന്നു.
60 വയസ്സുള്ളവരില്‍ 6 ശതമാനത്തിലധികം പേര്‍ക്കും 85 വയസ്സുള്ള 37 ശതമാനം പേര്‍ക്കും ഇത്തരത്തില്‍ മറവി സംഭവിച്ചു തുടങ്ങാമെന്നാണ് പഠനത്തില്‍ കണ്ടത്തിയതെന്നും അദ്ദേഹം പറയുന്നു. നിങ്ങള്‍ക്കോ, നിങ്ങളുടെ അടുത്ത
വ്യക്തിക്കോ ഇത്തരത്തില്‍ ദിവസേനെയുള്ള കാര്യങ്ങള്‍ വരെ മറന്നു പോവുന്നെങ്കില്‍ നിര്‍ബന്ധമായും ഒരു ഡോക്ടറെ സമീപിക്കണമെന്നും പ്രായമാകുന്നതിന്റെ ഭാഗമാണെന്നു കരുതി അവഗണിക്കരുതെന്നും അദ്ദേഹം പറയുന്നു.
ചിലപ്പോള്‍ ഡിപ്രഷന്‍ മൂലമോ, മതിയായ ഉറക്കമില്ലായ്മ മുലമോ ഒക്കെ ഇങ്ങനെ സംഭവിച്ചേക്കാം. പക്ഷേ ഡോക്ടറെ സമീപിച്ച് അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഡോക്ടര്‍ക്ക് നിങ്ങളുടെ പ്രായത്തിനും ശാരീരികാവസ്ഥയ്ക്കും അനുസരിച്ചുള്ള വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കാനും ഇതിലൂടെ സാധ്യമാകും.
ഇത്തരത്തില്‍ ചെറിയ തോതിലുള്ള മറവി രോഗങ്ങള്‍ അനുഭവപ്പെടുന്നവര്‍ ദിവസേനെയുള്ള ലഘു വ്യയാമങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണമെന്നാണ് ന്യൂഗൈഡ്‌ലൈന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ ചെറിയ ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങുമെന്നാണ് പറയുന്നത്.