ന്യൂദല്‍ഹി: പണം വാങ്ങി വാര്‍ത്ത കൊടുക്കുന്നതിനെതിരെ പത്രമാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രസ് കൗണ്‍സിലിന്റെ മുന്നറിയിപ്പ്.
പണമടച്ചുള്ള വാര്‍ത്തകളെ സംബന്ധിച്ച് 2022ല്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ മാധ്യമ പ്രവര്‍ത്തനത്തിന്റെ മാനദണ്ഡങ്ങള്‍ മുറുകെ പിടിക്കണമെന്നും തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങി വാര്‍ത്ത കൊടുക്കുന്ന രീതി ഒഴിവാക്കണമെന്നും പ്രസ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
നേതാക്കള്‍ പറയുന്ന വാക്കുകള്‍ പത്രമാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിക്കുകയോ, ഉദ്ധരിക്കുകയോ പാടില്ല. അവര്‍ പറയാന്‍ ഉദ്ദേശിച്ച അതേ രീതിയില്‍ വാര്‍ത്ത നല്‍കണമെന്നും പ്രസ് കൗണ്‍സില്‍ പറഞ്ഞു.
‘ഒരേ ഉള്ളടക്കം വരുന്ന രാഷ്ട്രീയ വാര്‍ത്തകള്‍ വ്യത്യസ്ത പത്രങ്ങളില്‍ വരുന്നത് പെയ്ഡ് വാര്‍ത്തകളാണെന്നതില്‍ സംശയമില്ല.
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രണ്ട് പത്രത്തില്‍ ഒരേ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് യാദൃശ്ചികമല്ല. പ്രത്യേക താല്‍പര്യത്തിന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്.
ജാതി അടിസ്ഥാനത്തില്‍ വോട്ടര്‍മാരുടെ പേരുകളും, പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നവരുടെയോ പേരുകളും ഉള്‍പ്പെടുത്തി കൊണ്ടുള്ള വാര്‍ത്താ കോളങ്ങള്‍ പെയ്ഡ് വാര്‍ത്തകളാണ്. ഏതെങ്കിലും പാര്‍ട്ടിയുടെ മാത്രം ചിത്രങ്ങള്‍ കൂടുതല്‍ പരിഗണനയോടെ നല്‍കുന്നതും പെയ്ഡ് വാര്‍ത്തയാണ്,’ പ്രസ് കൗണ്‍സില്‍ വ്യക്തമാക്കി.