രോത്തക്: തന്നെ ബലാത്സംഗം ചെയ്യാന്‍ പത്തു പേരെ അനുവദിക്കുന്ന ബി.ജെ.പി നേതാവിന് ഇരുപതു ലക്ഷം രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ്. പാര്‍ട്ടിയുടെ ഹരിയാന സംസ്ഥാന മേധാവി നവീന്‍ ജയ്ഹിന്ദാണ് രേവാരി കൂട്ട ബലാത്സംഗക്കേസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയത്.
ബലാത്സംഗത്തെ അതിജീവിച്ച യുവതിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുകയായിരുന്നു ജയ്ഹിന്ദ്. “തന്നെ ബലാത്സംഗം ചെയ്യാന്‍ പത്തു പേരെ അനുവദിക്കുന്ന ബി.ജെ.പി നേതാവിന് ഇരുപതു ലക്ഷം രൂപ നല്‍കാന്‍ ഞാന്‍ തയ്യാറാണ്. രണ്ടു ലക്ഷം രൂപയാണല്ലോ അഭിമാനത്തിന് നിങ്ങള്‍ ഇട്ടിരിക്കുന്ന വില” എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി നേതാവിന്റെ പ്രസ്താവന.
സംസ്ഥാനം ഇപ്പോള്‍ ഭരിക്കുന്നത് കൗരവരാണെന്നും, സ്ത്രീകള്‍ ദിവസേന അപമാനിക്കപ്പെടുകയാണെന്നും ജയ്ഹിന്ദ് മാധ്യമങ്ങളോടു പറഞ്ഞു. എല്ലാമറിഞ്ഞിട്ടും കണ്ണടയ്ക്കുന്ന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ അന്ധ രാജാവായ ധൃതരാഷ്ട്രരായി മാറിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ പരിപൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും ജയ്ഹിന്ദ് കൂട്ടിച്ചേര്‍ക്കുന്നു.
Also Read: ദേശീയപതാകയെ ആദരിക്കാന്‍ ഹെഡ്‌ഗേവാര്‍ പറഞ്ഞിട്ടില്ല: മോഹന്‍ ഭാഗവത് പ്രസംഗിച്ചത് തെറ്റ്
യുവതിക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത് നേരത്തേ വിവാദമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തുക നിരസിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക സഹായമല്ല, അടിയന്തിരമായി നീതി ലഭിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്ന് ജയ്ഹിന്ദ് മാധ്യമങ്ങളോടു പറഞ്ഞു.
പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി ബോധംകെടുത്തി കൂട്ട ബലാത്സംഗം ചെയ്ത മൂന്നു പേര്‍ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ ഒരു സൈനികനും ഉള്‍പ്പെട്ടിരുന്നു.