| Monday, 3rd August 2020, 7:45 am

പീഡിപ്പിച്ച സ്ത്രീയെ രാഖി കെട്ടി സഹോദരിയാക്കുക, അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക: പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ വിചിത്ര നിര്‍ദ്ദേശവുമായി മധ്യപ്രദേശ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: പീഡനക്കേസില്‍ പ്രതിയ്ക്ക് ജാമ്യം നല്‍കാന്‍ പുതിയ വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി. രക്ഷാ ബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയായ സ്ത്രീയുടെ കൈയില്‍ രാഖി കെട്ടണം. എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണം. എന്നാല്‍ മാത്രമേ ജാമ്യം നല്‍കുകയുള്ളുവെന്ന് ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

ഒരു പീഡനകേസിലെ പ്രതിയായ വിക്രം സിംഗ് എന്നയാള്‍ക്കാണ് ഈ വ്യത്യസ്ത ജാമ്യ വ്യവസ്ഥ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. രാഖി കെട്ടുന്നതിനോടൊപ്പം 11000 രൂപ പെണ്‍കുട്ടിയ്ക്ക് സമ്മാനമായി നല്‍കണം. രക്ഷാബന്ധന്‍ ആഘോഷങ്ങളില്‍ സഹോദരി സഹോദരന്‍മാര്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നതുപോലെ- ഹൈക്കോടതി പറഞ്ഞു.

മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത് ആര്യയുടെ ബെഞ്ചാണ് ഈ വിചിത്ര നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ജാമ്യക്കാരനായ വിക്രം സിംഗ് ആഗസ്റ്റ് 3 രക്ഷാബന്ധന്‍ ദിനത്തില്‍ ഭാര്യയോടൊപ്പം സമ്മാനങ്ങളുമായി പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിലേക്ക് പോകണം. പരാതിക്കാരിക്ക് ഈ സമ്മാനങ്ങളും മധുരവും നല്‍കി രാഖി കെട്ടണം. ഇനിയുള്ള കാലം ഒരു സഹോദരനെപ്പോലെ സംരക്ഷിക്കാമെന്ന് ഉറപ്പും നല്‍കണം- ബെഞ്ച് വ്യക്തമാക്കി.

ഇതാദ്യമായല്ല ഇത്തരം വിധികള്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 20 ന് ഉജ്ജയിനിലെ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കും സമാനമായ ജാമ്യ വ്യവസ്ഥകളാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കേസിലെ പ്രതിയായ ബാഗ്രിയോട് പരാതിക്കാരിയായ സ്ത്രീയുടെ മകന് 5000 രൂപ വസ്ത്രങ്ങള്‍ വാങ്ങാന്‍ നല്‍കണമെന്നായിരുന്നു വിധി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more