ലോകകപ്പിന് ശേഷം ഫിഫ ദ ബെസ്റ്റ് പുരസ്കാരവും മെസിയെ തേടിയെത്തിയിരിക്കുകയാണ്. ഇതോടെ താരത്തിന്റെയും അർജന്റീനയുടെയും ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായ 2022ലെ മികച്ച പുരുഷ താരത്തിനുള്ള അംഗീകാരം സ്വന്തമാക്കാൻ മെസിക്കായി.
മികച്ച പുരുഷ ഗോൾ കീപ്പർ, മികച്ച പുരുഷ ടീം പരിശീലകൻ, മികച്ച ആരാധക കൂട്ടം തുടങ്ങിയ പുരസ്കാരങ്ങളും അർജന്റീനയിലേക്കാണ് എത്തിയിരിക്കുന്നത്.
ഫിഫയുടെ അംഗ രാജ്യങ്ങളിലെ ക്യാപ്റ്റൻമാർ, പരിശീലകർ, തെരെഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ഫിഫ ദ ബെസ്റ്റിലെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.
എന്നാലിപ്പോൾ മികച്ച പുരുഷ താരത്തിനുള്ള വോട്ടിങ്ങിൽ തന്റെ സഹതാരം കൂടിയായ ബെൻസെമയേ ഒഴിവാക്കി മെസിക്ക് വോട്ട് ചെയ്ത ഡേവിഡ് അലാബക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് റയൽ ആരാധകർ.
ഓസ്ട്രിയൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ അലാബ തന്റെ ആദ്യ വോട്ട് മെസിക്കാണ് നൽകിയത്. പിന്നീട് അദ്ദേഹം തന്റെ ക്ലബ്ബ് സഹതാരം കൂടിയായ ബെൻസെമക്കും എംബാപ്പെക്കും യഥാക്രമം വോട്ടുകൾ രേഖപ്പെടുത്തി.
ഇതോടെയാണ് താരത്തിനെതിരെ വിമർശനവുമായി റയൽ മാഡ്രിഡ് ആരാധകർ രംഗത്ത് വന്നത്.
ഞങ്ങളുടെ ക്ലബ്ബിൽ നിന്നും പുറത്ത് പോടോ, മെസിക്ക് ആദ്യ വോട്ടോ? മാഡ്രിഡ് വിടുന്നതാണ് തനിക്ക് നല്ലത്, മുതലായ കമന്റുകളിലൂടെയായിരുന്നു താരത്തിനെതിരെ ആരാധകർ പ്രതികരിച്ചത്.
എന്നാൽ മറ്റൊരു റയൽ താരമായ മോഡ്രിച്ച് ബെൻസെമക്ക് ആദ്യ വോട്ട് നൽകിയ ശേഷം രണ്ടാം വോട്ടാണ് മെസിക്ക് നൽകിയത്.
എന്നാൽ റയലിന്റെ പ്രതിരോധനിരയുടെ ഒഴിച്ച് കൂടാനാവാത്ത താരമാണ് ഡേവിഡ് അലാബ.
📲 David Alaba’s IG after he voted for Messi over Benzema in FIFA Best Award. pic.twitter.com/HMx9MmFoet
— Madrid Zone (@theMadridZone) February 27, 2023
അതേസമയം ലാ ലിഗയിൽ 23 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളോടെ 52 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. മാർച്ച് മൂന്നിന് കോപ്പാ ഡെൽ റേയിൽ ബാഴ്സക്കെതിരെയുള്ള ആദ്യ പാദ എൽ ക്ലാസിക്കോ മത്സരമാണ് റയലിന് അടുത്തതായി കളിക്കേണ്ടത്.
Content Highlights:Get out of my club now fans criticize David Alaba