| Thursday, 26th November 2020, 4:11 pm

മോദിയെ തന്നെ കൊണ്ടുവരൂ, എത്ര സീറ്റ് കിട്ടുമെന്ന് ഞങ്ങളൊന്ന് കാണട്ടെ: ഹൈദരാബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഡിസംബര്‍ ഒന്നിന് നടക്കുന്ന ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്ന് പ്രചരണം നടത്താന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. പ്രചരണത്തിനായി നരേന്ദ്ര മോദിയെ തന്നെ വിളിക്കൂവെന്നും അദ്ദേഹം പ്രചരണം നടത്തിയാല്‍ എത്ര സീറ്റുകളില്‍ നിങ്ങള്‍ വിജയിക്കുമെന്ന് നോക്കാമെന്നുമായിരുന്നു ഉവൈസി പറഞ്ഞത്.

”നിങ്ങള്‍ നരേന്ദ്ര മോദിയെ ഇവിടേക്ക് കൊണ്ടുവന്ന് പ്രചാരണം നടത്തൂ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. അദ്ദേഹത്തിന്റെ യോഗങ്ങള്‍ ഇവിടെ സംഘടിപ്പിക്കൂ. നിങ്ങള്‍ക്ക് എത്ര സീറ്റുകള്‍ കിട്ടുമെന്ന് ഞങ്ങളൊന്ന് കാണട്ടെ”, ഹൈദരാബാദില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഉവൈസി പറഞ്ഞു.

‘ഇത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പാണ്. അവര്‍ വികസനത്തെക്കുറിച്ച് സംസാരിക്കില്ല. ഹൈദരാബാദ് ഒരു വികസിത നഗരമായി മാറി, നിരവധി എം.എന്‍.സികള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ അതെല്ലാം ഇല്ലാതാക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഹൈദരാബാദിന്റെ ബ്രാന്‍ഡ് നെയിം തന്നെ ഇല്ലാതാക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം’ ഉവൈസി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ എന്നിവരാണ് ഇതുവരെ ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി.ജെ.പിയിലെ നേതാക്കള്‍. ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും അടുത്ത ദിവസങ്ങളില്‍ പ്രചരണത്തിന് എത്തിയേക്കും.

പ്രചരണത്തിന് വരുന്ന ബി.ജെ.പി നേതാക്കളെ പരിഹസിച്ച് മന്ത്രി കെ.ടി രാമറാവുവും രംഗത്തെത്തിയിരുന്നു. ഹൈദരാബാദ് പ്രളയ ദുരിതത്തില്‍ വലഞ്ഞപ്പോഴും അവര്‍ക്ക് വരാമായിരുന്നെന്നും വെറുംകയ്യോടെ വരാതെ 1350 കോടിയുടെ സാമ്പത്തിക സഹായവുമായി വരാന്‍ ബി.ജെ.പി നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

കഴിഞ്ഞ ആറ് വര്‍ഷമായി ഹൈദരാബാദില്‍ സമാധാനമുണ്ട്. ഒരുതരത്തിലുമുള്ള സാമുദായിക സംഘര്‍ഷവുമില്ല. അവര്‍ വരുന്നത് മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കാനാണ്. അത്തരം പാര്‍ട്ടികളെ പിന്തുണക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും മന്ത്രി കെ.ടി രാമറാവു പറഞ്ഞു.

ബി.ജെ.പി നേതാവും സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷനുമായ ബന്ദി സഞ്ജയും ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയും ഹൈദരാബാദില്‍ ചില നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടെന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

ഹൈദരാബാദില്‍ നിന്നും റോഹിംഗ്യകളെയും പാകിസ്ഥാനികളെയും പുറത്താക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം സഞ്ജയ് ഭീഷണിപ്പെടുത്തിയത്.

അതിന് മുന്‍പായി തേജസ്വി സൂര്യ അസദ്ദുദ്ദീന്‍ ഉവൈസി”ആധുനിക മുഹമ്മദ് അലി ജിന്ന”ആണെന്ന പ്രസ്താവനയും നടത്തിയിരുന്നു. ആയിരക്കണക്കിന് റോഹിംഗ്യകളെയാണ് ഉവൈസി സംരക്ഷിക്കുന്നത് എന്നായിരുന്നു തേജസ്വി സൂര്യ പറഞ്ഞത്.

എന്നാല്‍ അത്തരം നുഴഞ്ഞുകയറ്റക്കാര്‍ സംസ്ഥാനത്തുണ്ടെങ്കില്‍ അതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആണെന്നായിരുന്നു ഉവൈസി മറുപടി നല്‍കിയത്.

‘നിങ്ങള്‍ ഈ പറഞ്ഞത് ശരിയാണെങ്കില്‍ അത് പ്രധാനമന്ത്രി മോദിയുടെയും അമിത് ഷായുടെയും പരാജയമാണ്. അവര്‍ ഉറങ്ങിയതുകൊണ്ടാണ് പാക്കിസ്ഥാനികള്‍ ഇവിടെ പ്രവേശിച്ചത്. എന്തായാലും ഞാന്‍ അവരെ കണ്ടിട്ടില്ല. ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ വിദ്വേഷത്തിന്റെ മതില്‍ പണിയാനാണ് ഇവര്‍ ശ്രമിക്കുന്നത്’ എന്നും ഉവൈസി പറഞ്ഞിരുന്നു.

ജി.എച്ച്.എം.സി കൗണ്‍സിലിലെ 150 വാര്‍ഡുകളിലേക്ക് ഡിസംബര്‍ 1നാണ് തെരഞ്ഞെടുപ്പ്. 2016ലെ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് 99 സീറ്റുകള്‍ നേടി. 44 സീറ്റുകളിലാണ് എ.ഐ.എം.ഐ.എം വിജയിച്ചത്. ബി.ജെ.പി നാലിടത്തും കോണ്‍ഗ്രസ് രണ്ടിടത്തും ടി.ഡി.പി ഒരിടത്തും മാത്രമാണ് ജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Get Narendra Modi”: Asaduddin Owaisi Dares BJP In Battle For Hyderabad

We use cookies to give you the best possible experience. Learn more