ഹൈക്കോടതിയില്‍ നിന്നും നീതി ലഭിച്ചെന്ന് ശരത്‌ലാലിന്റെ അച്ഛന്‍, 'ആളുകളെ കൊന്നൊടുക്കിയിട്ട് ശിക്ഷ ലഭിക്കാതെ പോയാല്‍ ഇവര്‍ ഇത് നാളെയും ആവര്‍ത്തിക്കില്ലേ '
periya murder case
ഹൈക്കോടതിയില്‍ നിന്നും നീതി ലഭിച്ചെന്ന് ശരത്‌ലാലിന്റെ അച്ഛന്‍, 'ആളുകളെ കൊന്നൊടുക്കിയിട്ട് ശിക്ഷ ലഭിക്കാതെ പോയാല്‍ ഇവര്‍ ഇത് നാളെയും ആവര്‍ത്തിക്കില്ലേ '
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2019, 7:54 pm

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് ഹൈക്കോടതി സി.ബി.ഐ ക്ക് വിട്ടതോടെ പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന കാര്യം തെളിഞ്ഞെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ സത്യന്‍. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നും നീതി ലഭിച്ചെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ സത്യ സന്ധമായ അന്വേഷണം നടത്താനാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കുന്ന തരത്തിലാണ് ഇതുവരെ അന്വേഷണം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ കൊന്നൊടുക്കിയിട്ട് ശിക്ഷ ലഭിക്കാതെ പോയാല്‍ ഇവര്‍ ഇതും നാളെയും ആവര്‍ത്തിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു.

പെരിയ കേസ് സി.ബി.ഐ ക്ക് വിട്ട ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും പ്രതികരിച്ചു.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈകോടതി ഉത്തരവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പെരിയ ഇരട്ടക്കൊല കേസില്‍ പൊലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു കോടതി ഉത്തരവ്. സി.പി.ഐ.എം ഉള്‍പ്പെട്ടതിനാല്‍ കേസില്‍ വിട്ടു വീഴ്ച വരുത്തിയെന്ന് പറഞ്ഞ കോടതി നിലവിലെ അനേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വിചാരണ നടത്തിയാല്‍ ആരും ശിക്ഷിക്കപ്പെടില്ലെന്ന് കുറ്റപ്പെടുത്തി. ഇതു പ്രകാരം കേസില്‍ ക്രൈബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. അന്വേഷണത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ പ്രതികളുടെ വാക്കുകള്‍ സുവിശേഷം പോലെയാണ് അന്വേഷണ സംഘം കണ്ടതെന്നും. സാക്ഷികളുടെ മൊഴികള്‍ കാര്യമായി പരിഗണിച്ചില്ലെന്നും ഫോറന്‍സിക് സര്‍ജന്റെ മൊഴി പൊലീസ് യഥാസമയം രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു.