ഐ.എസ്.എല്ലിന്റ അടുത്ത സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെ മോഹന്‍ബഗാനെ കൊച്ചിയില്‍ എതിരാളികളായി വേണെമെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകോമനൊവിച്ച്്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടം എ.ടി.കെ മോഹന്‍ബഗാനെതിരെ ആയിരുന്നുവെന്നും വുകോമനൊവിച്ച് അഭിപ്രായപ്പെട്ടു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് വുകോമനൊവിച്ച് ഇക്കാര്യം പറഞ്ഞത്.
‘അടുത്ത സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കൊച്ചിയില്‍
തിങ്ങിനിറഞ്ഞ ആരാധകരുടെ മുന്നില്‍ നേരിടണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്,
എനിക്കും കൊച്ചിയിലെ മത്സരത്തിന്റെ ഭാഗമകണം. ഇത്തരത്തിലുള്ള മത്സരങ്ങളും നല്ല നിമിഷങ്ങളും ആസ്വദിക്കാനാണ് ഓരോ ഫുട്‌ബോള്‍ ആരാധകനും ആഗ്രഹിക്കുന്നത്,’ വുകോമനൊവിച്ച് പറഞ്ഞു.
ഈ സീസണിന്റെ തുടക്കത്തില്‍ മോശം പ്രകടനത്തിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയതെങ്കിലും പിന്നീട് എല്ലാവരുടേയും ഒത്തൊരുമയുടെ ഫലമയാണ് തിരിച്ചുവരാന്‍ സാധ്യമായത്. സീസണില്‍ എറ്റവും നിരാശപ്പെടുത്തിയത് റഫറിയിംഗാണ് കഴിഞ്ഞ മത്സരത്തിലുണ്ടായതെന്നും വുകോമനൊവിച്ച് പ്രതികരിച്ചു.
കഴിഞ്ഞ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിനാണ് മോഹന്‍ബഗാന്‍ ബ്ലാസ്റ്റേഴ്‌സിനോട് തോല്‍വില്‍ നിന്നും രക്ഷപെട്ടത്. മത്സരത്തിന് ശേഷം സന്ദേശ് ജിംഖാന്റെ വിവാദ പരാമര്‍ശങ്ങളിലൂടെ ഏറെ ശ്രദ്ധിച്ച മത്സരം കൂടിയായിരുന്നു ഇത്.
പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചതുപോലെയാണ് തോന്നിയതെന്നായിരുന്നു ജിംഖാന്‍ മത്സരശേഷം പറഞ്ഞത്. ജിംഖാന്റെ ഈ പരാമര്‍ശത്തില്‍ പലരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നലെ ജിംഖാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ജിംഖാന്‍ രംഗത്തെത്തിയിരുന്നു. തന്റെ പ്രസ്താവനയിലൂടെ ബ്ലാസ്റ്റേഴ്സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചതല്ലെന്നും ആ സമയത്ത് പറഞ്ഞുപോയതാണെന്നും ജിംഖാന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
ജിംഖാന്റെ പരാമര്‍ശത്തോടുള്ള തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് ആരാധകരും രംഗത്തെത്തിയിരുന്നു. കെ.ബി.എഫ്.സിയില്‍ കളിക്കുന്ന സമയത്ത് താരത്തിനായി ഉണ്ടാക്കിയിരുന്ന ടിഫോ കത്തിച്ചാച്ചാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നത്.
16 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ബുധനാഴ്ച ഹൈദരാബാദ് എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
CONTENT HIGHLIGHTS: Get ATK Mohan Bagan in Kochi in front of a packed fan: Ivan Vukumanovich