ന്യൂദല്‍ഹി: കൊവിഡിനുള്ള മരുന്നുകളിലൊന്നായ ഫാബിഫ്‌ളു നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന ബി.ജെ.പി നേതാവും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറിന്റെ അറിയിപ്പ് വിവാദത്തില്‍. ദല്‍ഹിയില്‍ കൊവിഡ് മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സൗജന്യ മരുന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്.
ദല്‍ഹിയില്‍ മരുന്നിന് ക്ഷാമം നേരിടുകയാണെന്നും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദല്‍ഹി ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടിരുന്നു.
സംസ്ഥാനം മുഴുവന്‍ മരുന്നിന് ക്ഷാമം നേരിടുന്ന സമയത്തും ഒരു എം.പി മരുന്ന് ‘പൂഴ്ത്തിവെച്ചിരിക്കുകയായിരുന്നെന്നും’ ഇത് ക്രിമിനല്‍ കുറ്റത്തിന് തുല്യമാണെന്നുമാണ് ഗംഭീറിനെതിരെ ഉയരുന്ന വിമര്‍ശനം. മരുന്ന് പൂഴ്ത്തിവെച്ച ശേഷം ഇത്തരത്തില്‍ വിതരണം ചെയ്ത് മണ്ഡലത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാണ് ബി.ജെ.പി എം.പിമാര്‍ ശ്രമിക്കുന്നതെന്നും ആം ആദ്മിയും കോണ്‍ഗ്രസും പ്രതികരിച്ചു.
എം.പി ഓഫീസില്‍ നിന്നും കിഴക്കന്‍ ദല്‍ഹി നിവാസികള്‍ക്ക് സൗജന്യമായി ഫാബിഫ്‌ളൂ നല്‍കുന്നുനെണ്ടന്നും ആധാര്‍ കാര്‍ഡും ഡോക്ടറുടെ കുറിപ്പുമായെത്തി വാങ്ങാമെന്നുമാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഗംഭീറിനും ബി.ജെ.പിയ്ക്കുമെതിരെ വലിയ വിമര്‍ശനമുയര്‍ന്നത്.
‘ഇതുകൊണ്ടാണ് റെംഡിസിവറും ഫാബി ഫ്‌ളുവും മറ്റു മരുന്നുകളുമൊന്നും മാര്‍ക്കറ്റിലില്ലാത്തത്. ബി.ജെ.പി നേതാക്കള്‍ ഇതെല്ലാം പൂഴ്ത്തിവെച്ചിരിക്കുകയാണ്. ഗുജറാത്തിലും ഇത് തന്നെയാണ് നമ്മള്‍ കണ്ടത്. ഇത്തരം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം,’ ആം ആദ്മി നേതാവ് രാജേഷ് ശര്‍മ പറഞ്ഞു.
സമാനമായ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും രംഗത്തെത്തിയിരുന്നു. എത്ര ഡോസ് ഫാബിഫ്‌ളുവാണ് കൈയ്യിലുള്ളതെന്നും ഇത്രയും മരുന്ന് എങ്ങനെ ലഭിച്ചുവെന്നും വ്യക്തമാക്കണമെന്ന് പവന്‍ ഖേര ഗംഭീറിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മരുന്ന് വിതരണം ചെയ്യുന്നത് നിയമപരമാണോയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
കൊവിഡ് രണ്ടാം തരംഗം തീവ്രമായി പടര്‍ന്നുപ്പിടിക്കുന്ന ദല്‍ഹിയില്‍ ഓക്‌സിജനും മരുന്നിനും വലിയ ക്ഷാമമാണ് നേരിടുന്നത്. റെംഡിസിവര്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയും രംഗത്തുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: ‘Get Anti-Covid Fabiflu For Free’: Gautam Gambhir Offer Fuels Twitter Row