| Thursday, 3rd June 2021, 11:08 am

വാക്‌സിന്‍ എടുക്കൂ, ബിയര്‍ കുടിക്കൂ; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ പുതിയ സന്ദേശവുമായി ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: രാജ്യത്തെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനെടുക്കൂ, ബിയര്‍ കൂടിക്കൂ എന്നായിരുന്നു ബൈഡന്റെ പ്രസ്താവന.

അമേരിക്കയിലെ 70 ശതമാനത്തോളം വരുന്ന യുവജനങ്ങള്‍ക്കിടയില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ജൂലൈ 4നകം പൂര്‍ത്തിയാകണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രഖ്യാപനത്തിലാണ് ബൈഡന്റെ പരാമര്‍ശം.

‘അതുശരിയാണ്. നിങ്ങള്‍ ആദ്യം വാക്‌സിനെടുക്കൂ, പിന്നീട് ബിയര്‍ കുടിക്കൂ,’ ബൈഡന്‍ പറഞ്ഞു.

നിലവില്‍ അമേരിക്കയിലെ 63 ശതമാനം വരുന്ന യുവാക്കളും വാക്‌സിന്റെ ആദ്യ ഡോസ് എടുത്തവരാണ്. 12 സംസ്ഥാനങ്ങളില്‍ ഈ നിരക്ക് ഏകേദശം 70 ശതമാനം വരെയെത്തിയിട്ടുണ്ട്. ഈ ആഴ്ചയോടെ വാക്‌സിനേഷന്‍ നിരക്ക് ഇതിലും ഉയരെ എത്തിക്കാന്‍ കഴിയണമെന്നും ബൈഡന്‍ പറഞ്ഞു.

നേരത്തെ കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കാന്‍ ന്യൂജെഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും സമാനമായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരുന്നു. വാക്സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്.

മെയ് മാസത്തോടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് ഈ ആനൂകൂല്യമെന്നും പ്രായപൂര്‍ത്തിയായ 21 വയസ്സിന് മുകളിലുള്ളവര്‍ വാക്സിന്‍ എടുത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ ബിയര്‍ സൗജന്യമായി നല്‍കുമെന്നും ഫില്‍ മര്‍ഫി പറഞ്ഞിരുന്നു.

വാക്സിന് സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളുമായി ബിയര്‍ പാര്‍ലറില്‍ ചെന്നാല്‍ സര്‍ക്കാരിന്റെ സൗജന്യ ബിയര്‍ ലഭിക്കമെന്നും മര്‍ഫി പറഞ്ഞു.

അതേസമയം ഇതാദ്യമായല്ല വാക്സിന്‍ പ്രചാരണത്തിനായി ഇത്തരം ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. നേരത്തെ വെസ്റ്റ് വിര്‍ജീനിയ ഗവര്‍ണര്‍ ജിം ജസ്റ്റിസും സമാനമായ ഓഫറുമായി രംഗത്തെത്തിയിരുന്നു. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നൂറ് ഡോളറിന്റെ സേവിംഗ്സ് ബോണ്ട് നല്‍കുമെന്നായിരുന്നു ജിം ജസ്റ്റിസിന്റെ പ്രഖ്യാപനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Get A Shot, Have A Beer Says Joe Biden

We use cookies to give you the best possible experience. Learn more