| Tuesday, 21st August 2018, 10:51 am

ജര്‍മന്‍ യാത്രയെ ന്യായീകരിക്കാന്‍ നില്‍ക്കരുത്; കെ. രാജുവിനോട് സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളം രൂക്ഷമായ പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ ലോക മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍സമ്മേളനത്തിനായി ജര്‍മനിയിലേക്ക് പോയ വനംമന്ത്രി കെ.രാജുവിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.

ജര്‍മന്‍ യാത്രയെ ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നും ന്യായീകരിച്ച് വിഷയം വഷളക്കാരുതെന്നും മന്ത്രിക്ക് സി.പി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജര്‍മനിയില്‍ നിന്നും തിരിച്ചെത്തിയ ഇന്നലെ വിമാനത്താവളത്തില്‍ വെച്ച് യാത്രയില്‍ തെറ്റില്ലെന്ന് മന്ത്രി രാജു പറഞ്ഞിരുന്നു. ഇതായിരുന്നു സി.പി.ഐയെ ചൊടിപ്പിച്ചത്.

മാത്രമല്ല ചുമതല കൈമാറാതെയായിരുന്നു മന്ത്രിയുടെ യാത്ര. വകുപ്പ് നോക്കണമെന്ന് ലെറ്റര്‍പാഡില്‍ മന്ത്രി തിലോത്തമന് കുറിപ്പ് കൈമാറുകയിട്ടുണ്ടെന്നാണ് രാജു പറഞ്ഞത്. എന്നാല്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന് വകുപ്പ് കൈമാറിയത് മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല.

യാത്ര പാര്‍ട്ടി അനുമതിയോടെയന്നും തെറ്റ് ചെയ്തില്ലെന്നുമായിരുന്നു വിമാനത്താവളത്തില്‍ വെച്ച് മന്ത്രി പ്രതികരിച്ചത്. നിയമപരമായ അനുമതി വാങ്ങിയിരുന്നെന്നും മൂന്ന് മാസം മുന്‍പ് നിശ്ചയിച്ച പരിപാടിയായിരുന്നെന്നും മന്ത്രി പറഞ്ഞിരുന്നു.

മന്ത്രിയുടെ യാത്ര വിവാദമായതോടെ എത്രയും പെട്ടെന്ന് മടങ്ങാന്‍ പാര്‍ട്ടി നിര്‍ദശം നല്‍കിയിരുന്നെങ്കിലും ടിക്കറ്റ് ലഭ്യമാകാത്തതുകാരണം മടങ്ങാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.

കോട്ടയം ജില്ലയിലെ രക്ഷാപ്രവര്‍ത്തനത്തിനു മന്ത്രി രാജുവിനെയാണു മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നത്. ദുരന്ത നിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലയാണ് കോട്ടയം.

മന്ത്രിയുടെ ജര്‍മനി യാത്രക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാവിലെ രംഗത്തെത്തിയിരുന്നു. രാജുവിന്റെ യാത്ര ശരിയായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മടങ്ങിവരാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തമാസം നാലു മുതല്‍ ആറുവരെ ചേരുന്ന സി.പി.ഐ സംസ്ഥാനനേതൃയോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്നുദിവസം കഴിഞ്ഞത് ടെറസിലെ സണ്‍ ഷെയ്ഡില്‍; മരണത്തെ മുഖാമുഖം കണ്ടു; അനുഭവം പങ്കുവെച്ച് മണിയുടെ കുടുംബം


കെ.രാജുവിന്റെ വിവാദ ജര്‍മന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സി.പി.ഐയും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കെ.രാജുവിനോട് വിശദീകരണം തേടാനും നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. ഒരുമാസം മുന്‍പാണ് ജര്‍മന്‍ യാത്രക്കായി പാര്‍ട്ടിയുടെ അനുമതി രാജു തേടിയത്. അതിനുശേഷമുണ്ടായ പ്രളയക്കെടുതിയുടെ ഗുരുതര സാഹചര്യം അദ്ദേഹം മുഖവിലക്കെടുത്തില്ലെന്നാണ് വിര്‍ശനം.

കേരളത്തില്‍ മഴ ശക്തമായപ്പോഴാണ് 16ന് മന്ത്രി ജര്‍മനിയിലേക്ക് പോയത്. മൂന്നു ദിവസത്തെ സമ്മേളനത്തിനു പുറമേ 22നു നടത്തുന്ന ഓണാഘോഷത്തിനും ശേഷം മടങ്ങാനായിരുന്നു പരിപാടി.

കോട്ടയത്ത് സ്വാതന്ത്ര്യദിനത്തില്‍പതാക ഉയര്‍ത്തിയതിനുശേഷമായിരുന്നു മന്ത്രിയുടെ യാത്ര. പ്രളയക്കെടുതിയില്‍ തകര്‍ന്നുപോയ പ്രദേശങ്ങളുടെ പുനര്‍നിര്‍മാണമാണ് ഇന്ന് കേരളം നേരിടുന്ന വലിയ വെല്ലുവിളിയെന്നും മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കു കരുത്തു പകരാന്‍ മനുഷ്യസ്നേഹികളെല്ലാം ഒന്നിക്കേണ്ട സമയമാണിതെന്നും മന്ത്രി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തിയ ശേഷം പ്രസംഗിച്ചിരുന്നു.

കഴിഞ്ഞ പ്രളയക്കാലത്ത് മന്ത്രി കെ.രാജു ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എത്താനും വൈകിയിരുന്നു. വാര്‍ത്തകള്‍ വന്നതോടെ ഒറ്റ ദിവസത്തെ സന്ദര്‍ശനവും അവലോകന യോഗവും നടത്തി മന്ത്രി മടങ്ങുകയായിരുന്നു.

കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വന്നപ്പോഴും മന്ത്രി കെ.രാജു ജില്ലയില്‍ എത്തിയിരുന്നില്ല.

We use cookies to give you the best possible experience. Learn more