ബെര്‍ലിന്‍: തുര്‍ക്കി ദിനപത്രമായ സബ (sabah) യുടെ യൂറോപ്യന്‍ എഡിറ്റര്‍ ഇന്‍-ചീഫ് കെമില്‍ അല്‍ബായിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഇസ്മായില്‍ എറെലിനെയും ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയാണ് റെയ്ഡ് നടത്തിയതിന് പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് സബ പത്രപ്രവര്‍ത്തകര്‍ മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
പൊലീസ് ഇരുവരുടെയും വീടുകള്‍ റെയ്ഡ് ചെയ്തതിന് ശേഷം പൊലീസിന്റെ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തുര്‍ക്കി സര്‍ക്കാരിന്റെ കമ്മ്യൂണിക്കേഷന്‍ മേധാവി ഫഹ്‌റൈന്‍ ആല്‍തൂണ്‍ നടപടിയെ അപലപിച്ച് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തുര്‍ക്കി പുരോഹിതനും എര്‍ദോഗന്‍ അനുകൂലിയുമായി മാറിയ ഫെത്തുള്ള ഗുലെന്റെ അനുയായിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ജര്‍മനിയിലെ ഫെറ്റോ എന്ന തീവ്രവാദ സംഘടനയ്‌ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തതിനാണ് അതിരാവിലെ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടന്നത്. അവരെ തടഞ്ഞുവെച്ചതും ഉപകരണങ്ങള്‍ കണ്ടുകെട്ടിയതും കടുത്ത മാധ്യമസ്വാതന്ത്ര്യ ലംഘനമാണ്.
മാധ്യമപ്രവര്‍ത്തകരെ നിശബ്ദമാക്കാനുള്ള ജര്‍മനിയുടെ ഈ നീക്കം സ്വീകാര്യമല്ല. രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള സമ്മര്‍ദത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്,’ ആല്‍തൂണ്‍ പറഞ്ഞു.