| Thursday, 7th October 2021, 11:29 am

ഐ.എസില്‍ ചേര്‍ന്ന സ്ത്രീകളെയും കുട്ടികളേയും നാട്ടില്‍ തിരികെയെത്തിച്ച് ജര്‍മനിയും ഡെന്‍മാര്‍ക്കും; സ്വന്തം പ്രവര്‍ത്തിയെപ്പറ്റി അമ്മമാര്‍ തന്നെ മറുപടി പറയട്ടെയെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെര്‍ലിന്‍: ഐ.എസില്‍ (ഇസ്‌ലാമിക് സ്‌റ്റേറ്റ്) ചേരുന്നതിനായി സിറിയയിലേക്ക് പോയ തങ്ങളുടെ പൗരന്മാരായ 37 കുട്ടികളേയും 11 സ്ത്രീകളേയും രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതായി ജര്‍മനിയും ഡെന്‍മാര്‍ക്കും. ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇത് സാധ്യമായത്.

23 കുട്ടികളേയും എട്ട് സ്ത്രീകളേയും രാജ്യത്തേക്ക് തിരിച്ചെത്തിച്ചതായി ജര്‍മനി വ്യക്തമാക്കി. മൂന്ന് സ്ത്രീകളേയും 14 കുട്ടികളേയുമാണ് ഡെന്‍മാര്‍ക്ക് സിറിയയില്‍ നിന്നും അവരുടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്.

വടക്കന്‍ സിറിയയിലെ ഒരു ഐ.എസ് ക്യാംപില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്ത് തിരികെയെത്തിച്ചതെന്ന് ജര്‍മനിയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിരിച്ചെത്തിയ സ്ത്രീകള്‍ കസ്റ്റഡിയിലായിരുന്നെന്നും അന്വേഷണത്തിന് കീഴിലായിരുന്നെന്നും ജര്‍മനിയുടെ വിദേശകാര്യ മന്ത്രി ഹെയ്‌കൊ മാസ് പറഞ്ഞു.

വടക്ക് കിഴക്കന്‍ സിറിയയിലെ റോജ് ക്യാംപില്‍ നിന്നും ബുധനാഴ്ച ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇവര്‍ എത്തിയതായി ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വടക്കന്‍ സിറിയയിലെ കുര്‍ദിഷ് ക്യാംപുകളില്‍ ഐ.എസില്‍ ചേര്‍ന്ന യൂറോപ്പില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഉണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

”അവര്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. കുട്ടികള്‍ ഒരിക്കലും അവരുടെ അവസ്ഥയ്ക്ക് ഉത്തരവാദികളല്ല. അവര്‍ക്ക് സംരക്ഷണം ആവശ്യമായിരുന്നു. എന്നാല്‍ ഈ അമ്മമാര്‍ അവരുടെ പ്രവര്‍ത്തിക്ക് മറുപടി പറയണം,” ഹെയ്‌കൊ മാസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ഫിന്‍ലാന്‍ഡിനൊപ്പം നടത്തിയ ഓപ്പറേഷനിലൂടെ ഐ.എസില്‍ ചേര്‍ന്ന 18 കുട്ടികളേയും അഞ്ച് സ്ത്രീകളേയും ജര്‍മനി സിറിയയില്‍ നിന്നും തിരിച്ചെത്തിച്ചിരുന്നു. ജൂലൈയില്‍ ബെല്‍ജിയവും 10 കുട്ടികളേയും ആറ് അമ്മമാരേയും സിറിയയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Germay and Denmark repatriate women and children, who joined IS, from Syria

We use cookies to give you the best possible experience. Learn more