ബെര്‍ലിന്‍: ഐ.എസില്‍ (ഇസ്‌ലാമിക് സ്‌റ്റേറ്റ്) ചേരുന്നതിനായി സിറിയയിലേക്ക് പോയ തങ്ങളുടെ പൗരന്മാരായ 37 കുട്ടികളേയും 11 സ്ത്രീകളേയും രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നതായി ജര്‍മനിയും ഡെന്‍മാര്‍ക്കും. ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇത് സാധ്യമായത്.
23 കുട്ടികളേയും എട്ട് സ്ത്രീകളേയും രാജ്യത്തേക്ക് തിരിച്ചെത്തിച്ചതായി ജര്‍മനി വ്യക്തമാക്കി. മൂന്ന് സ്ത്രീകളേയും 14 കുട്ടികളേയുമാണ് ഡെന്‍മാര്‍ക്ക് സിറിയയില്‍ നിന്നും അവരുടെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിച്ചത്.
വടക്കന്‍ സിറിയയിലെ ഒരു ഐ.എസ് ക്യാംപില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്ത് തിരികെയെത്തിച്ചതെന്ന് ജര്‍മനിയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിരിച്ചെത്തിയ സ്ത്രീകള്‍ കസ്റ്റഡിയിലായിരുന്നെന്നും അന്വേഷണത്തിന് കീഴിലായിരുന്നെന്നും ജര്‍മനിയുടെ വിദേശകാര്യ മന്ത്രി ഹെയ്‌കൊ മാസ് പറഞ്ഞു.
വടക്ക് കിഴക്കന്‍ സിറിയയിലെ റോജ് ക്യാംപില്‍ നിന്നും ബുധനാഴ്ച ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇവര്‍ എത്തിയതായി ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വടക്കന്‍ സിറിയയിലെ കുര്‍ദിഷ് ക്യാംപുകളില്‍ ഐ.എസില്‍ ചേര്‍ന്ന യൂറോപ്പില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഉണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.