ജര്‍മ്മനി ലോകചാമ്പ്യന്മാര്‍
Daily News
ജര്‍മ്മനി ലോകചാമ്പ്യന്മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2014, 4:24 am

മാറക്കാന: ലാറ്റിനമേരിക്കയില്‍ യൂറോപ്യന്‍ ടീം കപ്പുയര്‍ത്തില്ലെന്ന പതിവ് പല്ലവി കാറ്റില്‍ പറത്തി മാറക്കാനയില്‍ ജര്‍മ്മന്‍ പട്ടാഭിഷേകം. ആവേശകരമായ ഫൈനലില്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ജര്‍മ്മനി അടുത്ത നാല് വര്‍ഷത്തേക്കുള്ള ലോക ഫുട്‌ബോളിലെ പുതിയ രാജാക്കന്മാരായി അവരോധിക്കപ്പെട്ടത്.

അധികസമയത്ത് പകരക്കാരനായി ഇറങ്ങിയ മരിയോഗോട്‌സെയുടെ മനോഹരമായ ഗോളാണ് ജര്‍മ്മനിയെ കിരീടനേട്ടത്തിലേക്ക് നയിച്ചത്. നിശ്ചിതസമയത്ത് ഇരുടീമിനും ഗോളൊന്നും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.   തുടര്‍ന്നാണ് കളി അധികസമയത്തേക്കു നീണ്ടത്. അധിക സമയത്തിന്റെ ആദ്യ പകുതിയിലും ഇരു ടീമിനും ഗോളൊന്നും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. 

അധികസമയത്തിന്റെ രണ്ടാം പകുതിയില്‍, കളിയുടെ നൂറ്റിപതിമൂന്നാം മിനിറ്റിലായിരുന്നു മത്സരഫലം നിശ്ചയിച്ച ഗോട്‌സെയുടെ ഗോള്‍ പിറന്നത്. ഇടത് വിങ്ങിലൂടെ ബോളുമായി കുതിച്ച് മറ്റൊരു പകരക്കാരനായ ആന്ദ്രെ ഷൂര്‍ ബോള്‍ അര്‍ജന്റീനന്‍ ഗോള്‍ പോസ്റ്റിലേക്ക് ക്രോസ് ചെയ്തു. ഉയര്‍ന്നു വന്ന പന്ത് നെഞ്ച് കൊണ്ട് നിയന്ത്രിച്ച് ഇടത് കാല്‍ കൊണ്ട് നിലം തൊടുംമുമ്പെ ഗോട്‌സെ തൊടുത്ത് ഷോട്ടിന് മുന്നില്‍ അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ നിസ്സയഹായനായി. 

ജര്‍മ്മനി നാലാം തവണയും ലോകചാമ്പ്യന്മാര്‍. ഇരുപത്തിനാല് വര്‍ഷത്തിന് ശേഷമാണ് ജര്‍മ്മനി ലോകചാമ്പ്യന്മാരാവുന്നത്. 1990ലാണ് ഇതിന് മുമ്പ് ജര്‍മ്മനി ലോകക്കപ്പ് സ്വന്തമാക്കിയത്. അന്നും പരാജയപ്പെട്ടത് അര്‍ജന്റീനയായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സുവര്‍ണ്ണ പന്ത് അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി സ്വന്തമാക്കി. ജര്‍മ്മന്‍ ഗോള്‍ കീപ്പറായ മാനുവല്‍, ന്യൂയറിനാണ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ. 

ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരത്തിനുള്ള സുവര്‍ണ്ണ പാദുകം ആറ് ഗോള്‍ നേടിയ കൊളംബിയയുടെ ജയിംസ് റോഡ്രിഗസ് അര്‍ഹനായി. മാറക്കാനയില്‍ നടന്ന ഇരുപതാം ലോകക്കപ്പിന്റെ കലാശപോര് ഏറെക്കുറെ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചത് ജര്‍മ്മനിയായിരുന്നുവെങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ മികച്ച അവസരങ്ങള്‍ കൈവത് അര്‍ജന്റീനക്കായിരുന്നു. 

നാലിലധികം സുവര്‍ണാവസരങ്ങളാണ് അര്‍ജന്റീന കളഞ്ഞുകുളിച്ചത്. ഒരുതവണ അവര്‍ ലക്ഷ്യം കണ്ടെത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതിയില്‍ മാത്രം മൂന്ന് നല്ല അവസരങ്ങളാണ് അര്‍ജന്റീന പാഴാക്കിയത്. രണ്ട് തവണ ഹിഗ്വിയനും ഒരു തവണ മെസിയും. മറുവശത്ത് ജര്‍മ്മനിയും ഒന്നുരണ്ട് തവണ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടു. 

മുന്നേറ്റത്തില്‍ പരിക്കേറ്റ ഡി മരിയ ഇല്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. അത് കളിയില്‍ വ്യക്തമായി നിഴലിക്കുകയും ചെയ്തു. മെസ്സിയെ പൂട്ടിയിടുന്നതില്‍ ജര്‍മ്മന്‍ താരങ്ങള്‍ വിജയിച്ചതോടെ ഭാവനാസമ്പന്നമായ നീക്കങ്ങള്‍ നടത്താന്‍ മറഡോണയുടെ നാട്ടുകാര്‍ക്ക് സാധിച്ചില്ല. മധ്യനിരയില്‍ ആരും മികച്ചു നില്‍ക്കാഞ്ഞത് അര്‍ജന്റീനയുടെ മുന്നേറ്റത്തെ ബാധിച്ചു. 

മറുവശത്ത് ജര്‍മ്മനിക്ക് ബ്രസീലിനെതിരെ പുറത്തെടുത്ത ഗോളടി മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അവസാന രണ്ട് കളികളില്‍ മികച്ച നിലവാരത്തിലേക്കുയര്‍ന്ന അര്‍ജന്റീനന്‍ പ്രതിരോധവും ഇതിന് കാരണമാണ്. മുള്ളറെയും ക്ലോസെയെയും ഷൂര്‍ലെയുമെല്ലാം ഫലപ്രദമായി തടയുന്നതില്‍ അര്‍ജന്റീന വിജയിച്ചു. ഒരു തവണ മാത്രമാണ് അവരുടെ ഡിഫന്‍സ് പരാജയപ്പെട്ടത്. ആ തക്കം നോക്കി ഗോട്‌സെ ഗോള്‍ നേടുകയും ചെയ്തു.

ജര്‍മ്മന്‍ നിരയില്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാമായിരുന്നു ഏറ്റവും അപകടകാരി. വലത് വിങ്ങിലൂടെ ഓടിക്കയറി ലാം തൊടുത്ത ക്രോസുകള്‍ പലപ്പോഴും അര്‍ജന്റീനക്ക് ഭീഷണി തീര്‍ത്തു. കളിതുടങ്ങി ആദ്യ അവസരം കൈവന്നത് ജര്‍മ്മനിക്കായിരുന്നു. രണ്ടാം മിനിറ്റില്‍ മുള്ളറെ ഡി റോജ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് പക്ഷെ ജര്‍മ്മനിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 

തൊട്ട് പിന്നാലെ ലവോത്സകി ഒറ്റക്കു കൊണ്ട് വന്ന് ജര്‍മ്മന്‍ ബോക്‌സിലേക്ക് ക്രോസ് ചെയ്ത പന്ത് ഹിഗ്വിയന്‍ അടിച്ചത് പുറത്തേക്ക്. മാറക്കാനയില്‍ തിങ്ങിനിറഞ്ഞ അര്‍ജന്റീനന്‍ താരങ്ങളെ ആവേശത്തിലാക്കി എട്ടാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മുന്നേറ്റം. മധ്യനിരക്കടുത്തു നിന്നും കിട്ടിയ പന്തുമായി മെസ്സിയുടെ കുതിപ്പ്. 

വേഗം കുറച്ചും കൂട്ടിയും ഒപ്പമുണ്ടായിരുന്ന ജര്‍മ്മന്‍ പ്രതിരോധനിരതാരം ഹമ്മല്‍സിനെ കബളിപ്പിച്ച് പെനാല്‍റ്റി ബോക്‌സില്‍ കയറിയ മെസ്സിയുടെ ക്രോസ് പക്ഷെ കണക്ട് ചെയ്യാന്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. തൊട്ട് പിന്നാലെ സബലേറ്റയുടെ സുന്ദരമായ ക്രോസും ജര്‍മ്മന്‍ ഗോള്‍ പോസ്റ്റിലേക്ക് വഴിതിരിച്ച് വിടാന്‍ അര്‍ജന്റീന്‍ താരങ്ങള്‍ പരാജയപ്പെട്ടു. 

ഇരുപതാം മിനിറ്റില്‍ മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരം ഹിഗ്വിയിന്‍ പാഴാക്കുന്നത് അവിശ്വസിനീയതയോടെയാണ് ഏവരും വീക്ഷിച്ചത്. ഉയര്‍ന്ന് വന്നൊരു പന്ത് ക്രൂസ് പ്രതിരോധനിര താരങ്ങളെ ലക്ഷ്യം വച്ച് പിന്നിലേക്ക് ഹെഡ് ചെയ്തിട്ടു. എന്നാല്‍ പന്ത് കിട്ടിയത് ജര്‍മ്മന്‍ ഗോള്‍ പോസ്റ്റില്‍ നിന്ന് കയറി വരുന്ന ഹിഗ്വിയന്റെ കാലില്‍. ബോളുമായി കുതിച്ച് ഗോള്‍ പോസ്റ്റിന് നാല് വാര അകലെ നിന്നും ഹിഗ്വിയന്‍ തൊടുത്ത വലം കാല്‍ ഷോട്ട് പക്ഷെ പുറത്തേക്ക്. 

തൊട്ടു പിന്നാലെ ഇരുപത്തി ഒമ്പതാം മിനിറ്റില്‍ ലാവോത്സിയുടെ ക്രോസിന് കാല്‍വെച്ച് ഹിഗ്വിയിന്‍ ജര്‍മ്മനിയുടെ വലകുലുക്കിയപ്പോള്‍ സ്‌റ്റേഡിയം ഒരു നിമിഷം ശബ്ദഘോഷങ്ങളാല്‍ മുഖരിതമായി. ഹിഗ്വിയിനും കൈ ഉയര്‍ത്തി ആഘോഷം തുടങ്ങിയിരുന്നു. പക്ഷെ റഫറി ഹിഗ്വിയന്‍ ഓഫ്‌സൈഡാണെന്ന് വിധിച്ചതോടെ എല്ലാം അടുത്തനിമിഷം തന്നെ നിലച്ചു. 

മുപ്പത്തിയാറാം മിനിറ്റില്‍ മുള്ളറുടെ ക്രോസ് ഷുര്‍ലെ അര്‍ജന്റീനന്‍ ബോക്‌സിലേക്ക് വഴിതിരിച്ച് വിട്ടെങ്കിലും ഗോളി കൈപ്പിടിയിലൊതുക്കി. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ ഓഫ്‌സൈഡ് കെണി പൊട്ടിച്ചുള്ള മെസ്സിയുടെ മുേന്നറ്റം ബൊട്ടെങ് രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജര്‍മ്മനി അര്‍ജന്റീനന്‍ വല കുലുക്കി എന്ന് കരുതിയതാണ്. 

പക്ഷെ നിര്‍ഭാഗ്യം ഗോള്‍പോസ്റ്റിന്റെ രൂപത്തില്‍ ജര്‍മ്മനിക്ക് വഴിമുടക്കി. ജര്‍മ്മനിക്കനുകൂലമായി ക്രൂസെടുത്ത കോര്‍ണര്‍ കിക്കിന് ഉയര്‍ ചാടി ജര്‍മ്മന്‍ പ്രതിരോധനിര താരം ഹോവാര്‍ഡ്‌സിന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍. ഗോളിയെ കീഴ്‌പ്പെടുത്തിയ പന്ത് പക്ഷെ പോസ്റ്റിലിടിച്ച് ജര്‍മ്മന്‍ കളിക്കാരന്റെ ദേഹത്ത് തട്ടി റെമാറസ് കയ്യിലൊതുക്കി. രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. മുന്നേറ്റത്തില്‍ ലോവോത്സിയെ പിന്‍ലിച്ച് പകരം അഗ്യൂറോ ഇറങ്ങി. 

തുടക്കത്തില്‍ തന്നെ മെസ്സി നല്ലൊരവസരം പുറത്തേക്ക് അടിച്ചൊഴിവാക്കുന്നതാണ് കണ്ടത്. ലൂക്കാസ് ബിജിലയുടെ പാസുമായി ജര്‍മ്മന്‍ പെനാല്‍റ്റി ബോക്‌സില്‍ കടന്ന മെസ്സിയുടെ ഇടം കാലന്‍ ഷോട്ട ന്യൂയറെ മറികടന്നെങ്കിലും പോസ്റ്റിന് പുറത്തേക്കാണ് പോയത്. അമ്പത്തിയൊമ്പതാം മിനിറ്റില്‍ ലാമിന്റെ ക്രോസിന് ക്ലോസെ തലവച്ചെങ്കിലും ബോള്‍ അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമാരോ കയ്യിലൊതുക്കി. 

പിന്നീട് ഇരു ടീമിനും ചില അവസരങ്ങള്‍ കൈവന്നെങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതിനാല്‍ മത്സരം അധിക സമയത്തേക്ക്് നീണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തിലെന്ന പോലെ എക്‌സട്രാ ടൈമിന്റെ തുടക്കത്തിലും ഗോളെന്നുറച്ച ഒരവസരം അര്‍ജന്റീന പാഴാക്കുന്നത് കണ്ട് സ്റ്റേഡിയം തിങ്ങിനിറഞ്ഞ നീലയും വെള്ളയും വരകളണിഞ്ഞ വസ്ത്രമണിഞ്ഞെത്തിയ കാണികള്‍ തലയില്‍ കൈവച്ചു പോയി. ഇത്തവണ പകരക്കാരനായി ഇറങ്ങിയ പലാസ്യോ ആയിരുന്നു വില്ലന്‍. 

അപ്രതീക്ഷിതമായി മധ്യനിരയില്‍ നിന്ന് കിട്ടിയ പന്തുമായി പലാസ്യായുടെ കുതിപ്പ്. എന്നാല്‍ അഡ്വാന്‍സ് ചെയ്ത് ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാന്യുവല്‍ ന്യൂയറുടെ തലക്ക് മുകളിലൂടെ ലക്ഷ്യംകാണാന്‍ അര്‍ജന്റീനന്‍ മുന്നേറ്റനിര താരത്തിന് സാധിച്ചില്ല. എക്‌സ്ട്രാ സമയം അവസാനിക്കാന്‍ ഏഴ് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഗോട്‌സെ സ്‌കോര്‍ ചെയ്തതോടെ മൂന്നാം കിരീടമെന്ന അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ പൊലിഞ്ഞു.