ലോകക്കപ്പ് ഫ്‌ളോപ്പില്‍ നിന്ന് തിരച്ചുവരുന്നു; പുതിയ കോച്ചിന്റെ കീഴില്‍ വിജയ പാതയില്‍ ജര്‍മനി
Football
ലോകക്കപ്പ് ഫ്‌ളോപ്പില്‍ നിന്ന് തിരച്ചുവരുന്നു; പുതിയ കോച്ചിന്റെ കീഴില്‍ വിജയ പാതയില്‍ ജര്‍മനി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 15th October 2023, 7:51 am

പുതിയ കോച്ചിന്റെ കീഴിൽ ജർമനിക്ക് ആദ്യ വിജയം. അമേരിക്കയുടെ ഹോം ഗ്രൗണ്ടായ റെന്റ്സ്‌ക്ലെർ ഫീൽഡിൽ വെച്ച് നടന്ന മത്സരത്തിൽ യു.എസ്.എയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമനി തകർത്തത്.

സമീപകാലങ്ങളിൽ ജർമനിക്ക് മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ്‌ ഘട്ടത്തിൽ പുറത്തായ ജർമൻ ടീം പിന്നീടുള്ള മത്സരങ്ങളിലെല്ലാം നിരാശാജനകമായ പ്രകടനമാണ്‌ നടത്തിയത്.

സെപ്റ്റംബർ 10ന് നടന്ന സൗഹൃദ മത്സരത്തിൽ ഏഷ്യൻ വമ്പൻമാരായ ജപ്പാൻ നാല് ഗോളുകൾക്ക് ജർമനിയെ തോൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജർമൻ ഫുട്ബോൾ അസോസിയേഷൻ പരിശീലകനായ ഹാൻസി ഫ്ലിക്കിനെ പുറത്താക്കിയത്.

ഫ്ലിക്കിന് പകരക്കാരനായിട്ടായിരുന്നു ജർമൻ ടീമിന്റെ പരിശീലകസ്ഥാനം ജൂലിയൻ നെഗൽസ്മാൻ ഏറ്റെടുത്തത്. ആദ്യം മത്സരത്തിൽ തന്നെ നെഗൽസ്മാന് ജർമനിക്ക് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുക്കാൻ സാധിച്ചത് ശ്രദ്ധേയമായി.

2024 യൂറോ കപ്പ്‌ ചാമ്പ്യൻഷിപ്പ് ആതിഥേയത്വം വഹിക്കുന്നതിനാൽ ജർമനിക്ക് ടൂർണമെന്റിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയ പരിശീലകന്റെ കീഴിലുള്ള ജർമനിയുടെ ഈ തിരിച്ചു വരവ് വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് സമ്മാനിക്കുന്നത്.

മത്സരത്തിൽ 4-3-3 എന്ന ഫോർമേഷനിലായിരുന്നു യു.എസ്.എ കളത്തിലിറങ്ങിയത്. എതിർഭാഗത്ത്‌ 4-2-3-1 എന്ന ശൈലിയിലും ആയിരുന്നു ജർമനി അണിനിരന്നത്.

മത്സരത്തിന്റെ 17ാം മിനിട്ടിൽ ക്രിസ്ത്യൻ പുലിസിച്ച് അമേരിക്കക്കായി ആദ്യ ഗോൾ നേടി. പന്തുമായി ഒറ്റക്ക് മുന്നേറിയ താരം പോസ്റ്റിലേക്ക് ഷൂട്ട്‌ ചെയ്യുകയായിരുന്നു.

എന്നാൽ 39ാം മിനിട്ടിൽ ബാഴ്‌സലോണ താരം ഗുണ്ടോഗനിലൂടെ ജർമനി സമനില പിടിക്കുകയായിരുന്നു. സനെയുടെ പാസിൽ  ബോക്സിൽ നിന്നും ഫിനിഷ് ചെയ്യുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു.

രണ്ടാം പകുതിയിലെ 58ാം മിനിട്ടിൽ നിക്കോ ഫുൾബർഗിലൂടെ ജർമനി രണ്ടാം ഗോൾ നേടി. മൂന്ന് മിനിട്ടുകൾക്ക് ശേഷം 61ാം മിനിട്ടിൽ ബയേൺ മ്യൂണികിന്റെ യുവതാരം ജമാൽ മുസിയാല മൂന്നാം ഗോളും നേടിയതോടെ ജർമനി പൂർണമായും മത്സരം പിടിച്ചെടുത്തു.

ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ജർമൻ പട 3-1ന് വിജയം സ്വന്തമാക്കി.

ഒക്ടോബർ 18ന് മെക്സിക്കോക്കെതിരെയാണ് ജർമനിയുടെ അടുത്ത മത്സരം മെക്സിക്കോയുടെ ഹോം ഗ്രൗണ്ടായ ലിംഗോൺ ഫിനാൻഷ്യൽ ഫീൽഡിലാണ് മത്സരം നടക്കുക.

Content Highlight: Germany won against U.S.A in friendly match.