വനിതാ ഫുട്ബോള്‍ ലോകകപ്പ്; ചൈനയെ വീഴ്ത്തി ജര്‍മ്മനിക്ക് വിജയത്തുടക്കം
വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ ചൈനയെ തറപറ്റിച്ച് ജര്‍മ്മനി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചൈനയെ ജര്‍മ്മനി പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 66 ാം മിനുട്ടില്‍ 19കാരിയായ ഗ്വിന്‍ ആണ് ജര്‍മ്മനിയുടെ വിജയ ഗോള്‍ നേടിയത്. ജര്‍മ്മനിയുടെ തുറുപ്പ് ചീട്ടായ ഗ്വിന്റെ ഗോള്‍ മടക്കിയടിക്കാന്‍ ചൈനയ്ക്കാവാതെ വന്നതോടെ ലോകകപ്പ് ലക്ഷ്യമിട്ട് ബൂട്ട് കെട്ടിയ ജര്‍മ്മനിക്ക് വിജയത്തോടെ തുടങ്ങാനായി. അണ്ടര്‍ 17 ലോകകപ്പിലും മികച്ച് പ്രകടനം പുറത്തെടുത്ത് തിളങ്ങിയ താരമാണ് ഗ്വിന്‍.
ടൂര്‍ണ്ണമെന്റിലെ മികച്ച ടീമുകളിലൊന്നായ ജര്‍മ്മനിയെ ആദ്യപകുതിയില്‍ പിടിച്ചുകെട്ടി ഒന്ന് വിറപ്പിച്ചെങ്കിലും ചൈനയ്ക്ക് അതൊന്നും ഗോളാക്കാനായില്ല.
ജൂണ്‍ 12ന് സ്‌പെയിനുമായാണ് ജര്‍മ്മനിയുടെ അടുത്ത മത്സരം.
ഇന്നലെയാണ് വനിതാ ഫുട്ബോള്‍ ലോകകപ്പിന് ഫ്രാന്‍സില്‍ വിസില്‍ മുഴങ്ങിയത്. ആതിഥേയരായ ഫ്രാന്‍സും ദക്ഷിണ കൊറിയയും തമ്മിലായിരന്നു ഉദ്ഘാടന മത്സരം. കൊറിയയെ 4-0 നാണ് ഫ്രാന്‍സ് തോല്‍പ്പിച്ച് വിട്ടത്.
ആറ് ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ഒമ്പത് വേദികളിലായാണ് മത്സരം. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയ്ക്കാണ് ഇത്തവണയും മുന്‍തൂക്കം. എന്നാല്‍ ആതിഥേയരായ ഫ്രാന്‍സും ജപ്പാനും ബ്രസീലുമെല്ലാം കപ്പ് ലക്ഷ്യമിട്ട് തന്നെയാണ് ബൂട്ടണിയുന്നത്.
നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ഗ്രൂപ്പ് എഫില്‍ ആണ്. ഇംഗ്ലണ്ട്, ജപ്പാന്‍, സ്‌കോട്ലാന്‍ഡ്, അര്‍ജന്റീന എന്നിവര്‍ ഉള്ള ഗ്രൂപ്പ് ഡി ആണ് കൂട്ടത്തില്‍ ഏറ്റവും കരുത്തര്‍. ജര്‍മ്മനിയും സ്പെയിനും അണിനിരക്കുന്ന ഗ്രൂപ്പ് ബിയും, ഓസ്ട്രേലിയയും ബ്രസീലുമുള്ള ഗ്രൂപ്പ് സിയും പോരാട്ടത്തിന് ഉറച്ചവര്‍ തന്നെയാണ്.