| Friday, 2nd December 2022, 2:35 am

വീണ്ടും ഗ്രൂപ്പ് കടക്കാനാകാതെ ജര്‍മനി; കഷ്ടിച്ചുകയറി സ്‌പെയ്ന്‍; മരണ ഗ്രൂപ്പെന്ന് പറഞ്ഞാല്‍ ഇതാണ്

സ്പോര്‍ട്സ് ഡെസ്‌ക്

തടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി മുന്‍ ചാമ്പ്യന്മാരായ ജര്‍മനി. ഗ്രൂപ്പിലെ അവസാന നിര്‍ണായക മത്സരത്തില്‍ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തിയെങ്കിലും മുന്‍ മത്സരങ്ങളിലെ ഫലം ജര്‍മനിക്ക് തിരിച്ചടിയായി.

ഗോളുകള്‍കൊണ്ട് അമ്മാനമാടിയ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ വിജയം. ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ സ്‌പെയ്‌നെ അട്ടിമറിച്ചതാണ് ജര്‍മനിക്ക് വിനയായത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്റെ വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ജപ്പാന്‍ ലീഡ് നേടിയത്.

ആദ്യ പകുതിയില്‍ ജര്‍മനിയാണ് മത്സരത്തില്‍ ലീഡ് ചെയ്തത്. പിന്നീട് രണ്ടാം പകുതിയിലെ തുടക്കത്തില്‍ ജര്‍മനിയെ ഞെട്ടിച്ച് കോസ്റ്റാറിക്ക രണ്ട് ഗോള്‍ ജര്‍മന്‍ വലയിലെത്തിച്ചു. എന്നാല്‍ പിന്നീടങ്ങോട്ട് ആക്രമിച്ച് കളിക്കുന്ന ജര്‍മനിയെയാണ് കണ്ടത്. തുടരെ മൂന്ന് ഗോളുകള്‍ തിരിച്ചടിക്കാന്‍ മുന്‍ ലോക ചാമ്പ്യന്മാര്‍ക്കായി. എന്നാലത് മത്രം മതിയാകില്ലായിരുന്നു അവര്‍ക്ക് രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റുറപ്പിക്കാന്‍.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജപ്പാനോട് തോറ്റതാണ് ജര്‍മനിക്ക് തിരിച്ചടിയായായത്. രണ്ടാം മത്സരത്തില്‍ സ്‌പെയ്‌നോട് സമനിലയാകുകയും ചെയ്തിരുന്നു.

നിലവില്‍ നാല് പോയിന്റാണ് ജര്‍മനിക്കും രണ്ടാം സ്ഥാനക്കാരായ സ്‌പെയ്‌നുമുള്ളത്, എന്നാല്‍ ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍ സ്‌പെയ്ന്‍ ഗ്രൂപ്പ് കടക്കുകയായിരുന്നു. 2018ലും ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി പുറത്തായിരുന്നു.

Content highlight:  Germany, the former champions, were eliminated in the second World Cup in the group stage

We use cookies to give you the best possible experience. Learn more